വാർത്തകൾ എങ്ങനെ സൃഷ്‌ടിക്കണമെന്നും, എങ്ങനെ വാർത്തകളിൽ നിറഞ്ഞു നിൽക്കണമെന്നും പ്രജ്ഞാ സിംഗിനെ ആരും പഠിപ്പിക്കേണ്ട. ബി.ജെ.പിയിലെ ആത്മീയ ഗുരുവെന്ന് പരിചയപ്പെടുത്തുന്നതിനേക്കാൾ പ്രജ്ഞയെ പരിചയപ്പെടുത്താൻ എളുപ്പം മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളിലൊരാൾ എന്നാവും.
തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇത്തരം നെഗറ്റീവ് സംഗതികൾ ചർച്ചയിൽ വരാതിരിക്കാൻ പുതിയൊരു വിഷയം വേണം. അത്രയേ പ്രജ്ഞ ചെയ്‌തുള്ളൂ. ഭോപ്പാൽ ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു ശേഷം, അഭിമുഖത്തിനെത്തിയ മാദ്ധ്യമപ്രവർത്തകരോട് പ്രജ്ഞ ഒരു മഹാരഹസ്യം വെളിപ്പെടുത്തി: സ്‌തനാർബുദ ബാധിതയായിരുന്ന തന്റെ രോഗം പൂർണമായും ഭേദമായത് ഗോമൂത്ര ചികിത്സകൊണ്ടാണ്!
സംഭവം ക്ളിക്കായി. പ്രജ്ഞയുടെ ഗോമൂത്രവാദം ദേശീയതലത്തിൽ വാർത്തയായി. അനുകൂലിച്ചും പ്രതികൂലിച്ചും ആയുർവേദ- അലോപ്പതി ഡോക്‌ടർമാരുടെ ചർച്ചയായി. ടിവി ചാനലുകൾ വിഷയം ഏറ്റെടുത്തു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രജ്ഞ വൈറലായി. ഒരൊറ്റ വാചകംകൊണ്ട് ഇത്രയും പബ്ളിസിറ്റി പോരേ?
മദ്ധ്യപ്രദേശിലെ ഭിന്ദിൽ ആയുർവേദ ഡോക്‌ടറായ ഡോ. ചന്ദ്രപാൽ സിംഗിന്റെ മകളായി 1970-ലാണ് പ്രജ്ഞാ സിംഗ് താക്കൂറിന്റെ ജനനം. ആർ.എസ്.എസ് പ്രവർത്തകനായിരുന്നു അച്ഛൻ. ആ വഴിയേ സഞ്ചരിച്ച പ്രജ്ഞ വാർത്തകളിൽ ആദ്യം നിറഞ്ഞത് മലേഗാവ് ഭീകരസ്ഫോടന കേസിലെ പ്രതിയെന്ന നിലയിലാണ്. കേസിൽ ജയിലിലായ പ്രജ്ഞയ്‌ക്ക് ആരോഗ്യ കാരണങ്ങളാൽ പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോഴും ജാമ്യത്തിൽത്തന്നെ.
പ്രജ്ഞ ബി.ജെ.പിയിൽ അംഗത്വമെടുത്തിട്ട് കഷ്‌ടിച്ച് പത്തു ദിവസമേ ആയുള്ളൂ. അപ്പോൾത്തന്നെ പ്രജ്ഞയെ ഭോപ്പാലിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിക്കുകയും ചെയ്‌തു. മദ്ധ്യപ്രദേശിൽ നാലു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ, മേയ് പന്ത്രണ്ടിന് മൂന്നാംഘട്ടത്തിലാണ് ഭോപ്പാലിലെ വോട്ടെടുപ്പ്. പ്രജ്ഞ തുറന്നുവിട്ട പുതിയ വിഷയമാണ് മണ്ഡലത്തിലെ പ്രധാന ചർച്ച. ഗോമൂത്രം ക്യാൻസർ ചികിത്സയ്‌ക്ക് ഫലപ്രദമാകുമോ?
വെറുതേ കാഷായമുടുത്ത് നടക്കുകയല്ല, താൻ ശപിച്ചാൽ ഏൽക്കുമെന്നാണ് പ്രജ്ഞയുടെ മുന്നറിയിപ്പ്. മലേഗാവ് കേസിൽ 2008- ൽ അറസ്റ്റിലായ തന്നോട് ജയിലിൽ വച്ച് മോശമായി പെരുമാറിയ എ.ടി.എസ് മേധാവി ഹേമന്ത് കർകറെയെ അന്നു താൻ ശപിച്ചതു കാരണമാണ് പിന്നീട് മുംബയ് ഭീകരാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പ്രജ്ഞ ഈയിടെ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞത്. സംഭവം വിവാദമായതോടെ ആ കമന്റ് പ്രജ്ഞ പിൻവലിക്കുകയും ചെയ്‌തു.
മദ്ധ്യപ്രദേശ് മുൻ മുഖ്യനും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗിനെയാണ് പ്രജ്ഞ ഭോപ്പാലിൽ നേരിടുന്നത്. നാലു പതിറ്റാണ്ടിലധികം മുമ്പ്, 1977-ൽ തുടങ്ങിയതാണ് ദിഗ്‌വിജയ് സിംഗിന്റെ തിരഞ്ഞെടുപ്പു പോരാട്ടങ്ങൾ. രഘോഗഢ് നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടക്കം. അടുത്ത തിരഞ്ഞെടുപ്പിലും വിജയിച്ച ദിഗ്‌വിജയ്, അർജുൻസിംഗ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായി. പിന്നീട് മദ്ധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി.
1984-ലായിരുന്നു പാർലമെന്റിലേക്ക് ദിഗ്‌വിജയ് സിംഗിന്റെ ആദ്യമത്സരം. മണ്ഡലം രാജ്ഗഢ്. 1977-ൽ രാജ്ഗഢ് മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം അവിടെ നിന്ന് വിജയിച്ച ആദ്യ കോൺഗ്രസ് നേതാവ്. അത്തവണ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച സിംഗ് പക്ഷേ, അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ പ്യാരിലാൽ ഖാണ്ഡേവാളിനോട് അരലക്ഷത്തിലധികം വോട്ടിന് തോറ്റു. അടുത്ത തവണ സിംഗ് മണ്ഡലം തിരിച്ചുപിടിച്ചു.
1993-ൽ എം.പി സ്ഥാനം രാജിവച്ചാണ് ദിഗ്‌വിജയ്സിംഗ് സംസ്ഥാന മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. 1998-ൽ വീണ്ടും എം.എൽ.എ ആയ സിംഗിനെ രണ്ടാംതവണ മുഖ്യമന്ത്രിയാക്കിയത് സോണിയാ ഗാന്ധി നേരിട്ട്. 2003-ൽ വീണ്ടും ജയം. ഇങ്ങനെ പയറ്റിത്തെളിഞ്ഞ സിംഗിനോടാണ് പ്രജ്ഞാസിംഗിന്റെ ഭോപ്പാൽ പരീക്ഷണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി 3,70,696 വോട്ട് ഭൂരിപക്ഷത്തിൽ ഗംഭീരജയം നേടിയ മണ്ഡലമാണ് ഭോപ്പാൽ. കോൺഗ്രസിലെ പി.സി. ശർമ്മ ആയിരുന്നു എതിരാളി. ഗോമൂത്ര വാദം കോൺഗ്രസ് പ്രചാരണ വിഷയമാക്കുമ്പോൾ പ്രജ്ഞ ചിരിക്കുകയാണ്: പാവങ്ങൾ എന്തറിഞ്ഞു!
(പ്രജ്ഞയുടെ ഗോമൂത്ര വാദം പൊളിച്ച്, ലക്‌നൗ റാംമനോഹർ ലോഹ്യാ ഇൻസ്റ്റിറ്റ്യൂട്ടിൽ അവരെ ചികിത്സിച്ച ഡോക്‌ടർ പറഞ്ഞത്: "ബ്രെസ്റ്റ് ട്യൂമർ ബാധിച്ച പ്രജ്ഞാ സിംഗിന് മൂന്നു തവണ ശസ്ത്രക്രിയകൾ നടത്തിയത് ഞാനാണ്. ആദ്യശസ്ത്രക്രിയയിൽ വലതു സ്‌തനം നീക്കം ചെയ്തു. പിന്നീട് ഇടതുസ‌്തനത്തിലും ട്യൂമർ കണ്ടു. അതു നീക്കാൻ സർജറി. രോഗം ആവർത്തിച്ചതോടെ ഇടതു സ‌്‌തനവും മുറിച്ചുമാറ്രി. ഗോമൂത്രം കുടിച്ച് ക്യാൻസർ മാറിയെന്നൊക്കെ പറയുന്നത് വെറുതേ.)