കാർവാർ:ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐ. എൻ. എസ് വിക്രമാദിത്യയിൽ അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തിൽ ഒരു നാവിക ഉദ്യോഗസ്ഥൻ മരണമടഞ്ഞു.ഇന്നലെ രാവിലെ കർണാടകത്തിലെ കാർവാർ തുറമുഖത്തേക്ക് അടുക്കുമ്പോഴാണ് കപ്പലിലെ ഒരു കമ്പാർട്ട്മെന്റിൽ തീപിടിച്ചത്. തീ അണയ്‌ക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലഫ്‌റ്റനന്റ് കമ്മഡോർ ഡി. എസ് ചൗഹാൻ ആണ് മരണമടഞ്ഞത്. പുക ശ്വസിച്ച് ബോധരഹിതനായ ചൗഹാനെ കാർവാറിലെ നാവിക ആശുപത്രിയായ ഐ. എൻ. എസ് പതഞ്ജലിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് നാവിക സേനയുടെ അറിയിപ്പിൽ പറയുന്നു.
തീ ഉടൻ തന്നെ അണച്ചതിനാൽ കപ്പലിന് കാര്യമായ കേടുപാടുകൾ ഉണ്ടായില്ല.തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ പറ്റി നാവിക സേന അന്വേഷണം ആരംഭിച്ചു.