തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ 92 ശതമാനവും പരിഹരിച്ച് കേരളം മുന്നിലെത്തിയത് സംസ്ഥാനത്ത് നടന്ന നീതിപൂർവവും സമാധാനപരവുമായ വോട്ടെടുപ്പിന് ലഭിച്ച അംഗീകാരം കൂടിയാണ്. വോട്ടർമാർക്കും,രാഷ്ട്രീയകക്ഷികൾക്കും തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് ഈ നേട്ടം.കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിനൊടുവിൽ ആവേശപൂർവമാണ് വോട്ടർമാർ പോളിംഗ് ദിനത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം നാലുശതമാനത്തിന്റെ വർദ്ധനയുണ്ടായി എന്നു മാത്രമല്ല വടക്കൻ കേരളത്തിലെ ചില പോളിംഗ് ബൂത്തുകളിലാകട്ടെ 90 ശതമാനത്തിലധികം പേർ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. സ്ത്രീകളുടെയും യുവതയുടെയും വൻപ്രാതിനിധ്യം സവിശേഷതയായിരുന്നു.
വോട്ടിംഗ് മെഷീനിൽ ചിലയിടങ്ങളിൽ തകരാറുണ്ടായത് ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ കാണാൻ കഴിയുകയുള്ളു. വാശിയേറിയ വാദപ്രതിവാദങ്ങൾ പ്രചാരണത്തിൽ നടന്നെങ്കിലും പോളിംഗിനിടെ വലിയ അക്രമ സംഭവങ്ങൾ ഒന്നും തന്നെയുണ്ടായില്ലെന്നതിൽ നമ്മുടെ രാഷ്ട്രീയപ്രവർത്തകർ കാട്ടിയ സംയമനവും, അഹോരാത്രം ജാഗ്രത പാലിച്ച പൊലീസിന്റെ സേവനവും എടുത്തു പറയേണ്ടതാണ്. ഒരേയൊരു ബൂത്തിൽ മാത്രമാണ് റീപോളിംഗ് വേണ്ടിവരുന്നത്.
കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ അവബോധം ഇന്ത്യയ്ക്കാകെ മാതൃകയാണ്. വലിയ വിദ്യാഭ്യാസം നേടാത്തവർ പോലും നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സുവ്യക്തമായ ധാരണയുള്ളവരാണ്. രാഷ്ട്രീയചായ്വ് എന്തുതന്നെയായാലും അവർക്കെല്ലാം നല്ല രാഷ്ട്രീയ ബോധമാണുള്ളത്.സാക്ഷര കേരളത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും എവിടെയും തിളങ്ങിനിൽക്കുന്നു. കേരളീയരുടെ വായനാശീലവും ഇങ്ങനെയാരു ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തെ പൊതുസമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളുടെ ചെറിയ പ്രതിഫലനം ഇവിടെയും ഉണ്ടായിട്ടില്ലെന്ന് പറയുന്നില്ല. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ കാണുന്നതുപോലെ വ്യാപകമായ തോതിൽ പണംകൊണ്ടുള്ള വോട്ടുകച്ചവടമോ മതസ്പർദ്ധയോ കള്ളവോട്ടിംഗോ രാഷ്ട്രീയനേതാക്കന്മാരുടെ രായ്ക്കുരാമാനമുള്ള കൂറുമാറ്റമോ കേരളത്തിൽ ഇനിയും സംഭവിച്ചിട്ടില്ല. കാലാകാലങ്ങളായി നമ്മൾ നിലനിറുത്തിപ്പോരുന്ന സാംസ്കാരിക ബോധത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും വിശാലമായ ചിന്താഗതിയുടേയും മഹിമയാണ് അതിനു കാരണമെന്ന് നിസംശയം പറയാം.
നിയമം അനുസരിച്ച് പ്രവർത്തിക്കുന്നതിൽ വലിയ ശുഷ്കാന്തി കാണിക്കുന്ന ജനസമൂഹമാണ് കേരളത്തിന്റെ വലിയ പ്രത്യേകതകളിലൊന്ന്. കൺമുന്നിൽക്കാണുന്ന അനീതികൾക്കെതിരെ ധൈര്യപൂർവം പ്രതികരിക്കുന്നവർ കുറവാണെങ്കിലും നീതിനടപ്പിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ' സി " വിജിൽ മൊബൈൽ ആപ്പ് വഴി മാതൃകാ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ എണ്ണത്തിൽ കേരളം മുന്നിലെത്തിയതിന്റെയും അവയിൽ ഭൂരിപക്ഷവും പരിഹരിക്കാനായതിന്റെയും കാരണം മലയാളികളുടെ ഈ ഉയർന്ന നീതിബോധംതന്നെ. തിരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ പരാതിപ്പെടാൻ കൂടുതൽ പേർ മുന്നോട്ടുവന്നത് വോട്ടർമാരെ ശരിയായി ബോധവത്കരിക്കാൻ കഴിഞ്ഞതിനാലാണ്. അതിന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കറാം മീണയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജില്ലാഭരണകൂടങ്ങളും നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നു. സംസ്ഥാനത്തൊട്ടാകെ 1.35 ലക്ഷത്തോളം ജീവനക്കാരാണ് തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്താൻ പ്രയത്നിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശാനുസരണം നിർഭയമായി വോട്ട് രേഖപ്പെടുത്താൻ വൻതോതിലുള്ള പ്രചാരണമാണ് കേരളത്തിൽ നടത്തിയത്. പോളിംഗ് ശതമാനം കൂടിയതിലും ഈ ബോധവത്കരണത്തിനും വലിയ പങ്കുണ്ട്
തിരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നാവുമുണ്ടെന്ന് രാജ്യം തിരിച്ചറിഞ്ഞത് ടി.എൻ.ശേഷനെപ്പോലെ ഒരു ഉദ്യോഗസ്ഥൻ ആ പദവിയിലെത്തിയപ്പോഴായിരുന്നു. സംസ്ഥാനത്ത് ചീഫ് ഇലക്ടറൽ ഓഫീസർ പദവിയിലിരിക്കുന്ന ടിക്കാറാം മീണ കറപുരളാത്ത സർവീസ് റെക്കാഡിനുടമയാണ്. തനിക്കു ലഭിച്ച ഉത്തരവാദിത്വം പക്ഷപാതരഹിതമായും, , ഭാവനാപൂർണമായും നിറവേറ്റുന്നതിൽ സ്തുത്യർഹമായ പങ്കാണ് അദ്ദേഹം വഹിച്ചത്. വോട്ടർപ്പട്ടിക പുതുക്കാനുള്ള പ്രക്രിയ കഴിഞ്ഞവർഷം ജൂലായ് മുതൽ ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം യുവവോട്ടർമാരടക്കം 11 ലക്ഷം പേരാണ് ഇത്തവണ വോട്ടർപ്പട്ടികയിൽ പുതുതായി ഇടംപിടിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കാൻ തെരുവ് നാടകങ്ങൾ അടക്കം നിരവധി കലാപരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്കരിച്ചിരുന്നു. ആദിവാസി മേഖലകളിൽപ്പോലും വലിയ വോട്ടിംഗ് നടന്നതിന് ഒരു കാരണമിതാണ്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിലും മികവ് പുലർത്തുകയുണ്ടായി.
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഫലം അറിയാൻ അടുത്തമാസം 23-ാം തീയതിവരെ കാത്തിരിക്കണം. കനത്ത പോളിംഗായിരുന്നതിനാൽ ആരു ജയിക്കും ആര് തോൽക്കും എന്നൊക്കെ കണക്കു കൂട്ടാമെന്നല്ലാതെ കൃത്യമായൊരു പ്രവചനം ആർക്കും സാധിക്കുകയില്ല. പോളിംഗ് വേളയിൽ കണ്ട സഹിഷ്ണുതയും സമാധാനവും വോട്ടെണ്ണൽ ദിനത്തിലും നിലനിറുത്താൻ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രവർത്തകരും പരിശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.