കോഴിക്കോട്: മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യത്തിനും ധിക്കാരത്തിനുമെതിരായ വികാരമാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാവുക. വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. നല്ലവരായ സി.പി.എമ്മുകാരുടെ വോട്ടാണ് മുരളീധരനു കിട്ടിയത്. കൊല്ലത്ത് അടക്കം പലയിടത്തും സി.പി.എമ്മിന്റെ വോട്ട് കോൺഗ്രസിനു കിട്ടി. മുഖ്യമന്ത്രിയിലെ ധാർഷ്‌ട്യക്കാരനെ തിരിച്ചറിഞ്ഞ പ്രവർത്തകരുടെ നിലപാടാണ് വോട്ടായി കോൺഗ്രസിനു ലഭിച്ചത്.
നേരിട്ട് പ്രതികരിക്കാനാവാത്ത പ്രവർത്തകർ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. അതിന് പിണറായിയോട് നന്ദിയുണ്ട്. ആർ.എസ്.എസുമായി ചർച്ച നടക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് മുഖ്യമന്ത്രി 'കടക്കു പുറത്തെ'ന്ന് ആക്രോശിച്ചത്. ഫാസിസത്തിന്റെ ബീഭത്സമായ മുഖമാണ് മുഖ്യമന്ത്രിയുടേത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടാവുന്ന വിജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കും.
ബി.ജെ.പി കോൺഗ്രസിന് വോട്ടു മറിച്ചുവെന്നത് പരാജയം ബോദ്ധ്യപ്പെട്ടുള്ള സി.പി.എമ്മിന്റെ പതിവു പല്ലവിയാണ്. വടകരയിൽ രത്നസിംഗ് മത്സരിച്ച കാലത്ത് കോ- ലീ- ബി സഖ്യമെന്ന് പ്രചരിപ്പിച്ചിരുന്നു. അതേ പല്ലവിയാണ് ഇപ്പോഴും. ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനാണ് ഇത്തരം ആരോപണങ്ങൾ അഴിച്ചുവിടുന്നത്. ബി.ജെ.പിയുമായി കോൺഗ്രസിന് ബന്ധമുണ്ടെന്നു തെളിയിച്ചാൽ പൊതുരംഗത്ത് നിന്നു മാറാൻ ഞാൻ തയ്യാറാണ്. അല്ലെങ്കിൽ മുഖ്യമന്ത്രി മാറുമോ?
വടകരയിൽ എൽ.ജെ.ഡിയിലെ ഒരു വിഭാഗം നേരിട്ടെത്തി പിന്തുണ അറിയിച്ചിരുന്നു. അവരുടെ വോട്ടും കിട്ടി. നേതൃത്വത്തിന്റെ മങ്കി പൊളിറ്റിക്‌സിൽ താത്പര്യമില്ലാത്തവരാണ് പിന്തുണ അറിയിച്ചത്. ശബരിമല വിഷയം ബി.ജെ.പിക്ക് അനുകൂലമാകില്ല. പണം തട്ടാനാണ് ബി.ജെ.പി പലയിടത്തും സ്ഥാനാർത്ഥികളെ നിറുത്തിയത്.
(കോഴിക്കോട് ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്)