തിരുവനന്തപുരം: ശബരിമല വിഷയത്തിലെ രാഷ്ട്രീയ നീക്കങ്ങളെ ചോദ്യം ചെയ്തുകൊണ്ട് എഴുത്തുകാരി കെ.ആർ മീര രംഗത്തെത്തി. നേരത്തേയും പലതവണ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് കെ.ആർ മീര ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. ആധികാരിക ഗ്രന്ഥങ്ങൾ വച്ച് ഇനിയും സ്ഥാപിക്കാൻ സാധിച്ചിട്ടില്ലാത്ത കാര്യങ്ങളാണോ കേരള ജനതയെ ആശങ്കപ്പെടുത്തുന്നതെന്ന് മീര ചോദിക്കുന്നു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെ.ആർ മീര ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യവും കേവലം അറുപതോ എഴുപതോ വർഷം മാത്രം പഴക്കമുള്ള ഒരു ആചാരവുമാണോ കേരള ജനതയെ പെട്രോളിന്റെ വിലയെയും, തൊഴിലില്ലായ്മയെയും, ആൾക്കൂട്ട കൊലപാതകങ്ങളെക്കാളും, അഴിമതിയെക്കാളും, പരിസ്ഥിതിനാശത്തെക്കാളും, വർഗീയതയെക്കാളുമൊക്കെ വേവലാതിപ്പെടുത്തുന്നത് എന്ന് അറിയാൻ ജിജ്ഞാസയോടെ കാത്തിരിക്കുകയാണു ഞാൻ. ശബരിമല വിധിയാണു മലയാളിയുടെ ജനാധിപത്യ ബോധത്തെ നിയന്ത്രിക്കുന്നത് എന്ന് ഈ വോട്ടെടുപ്പിലൂടെ തെളിയുമെങ്കിൽ നല്ലത്. അത് ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഭാവിതലമുറകൾക്ക് വളരെ പ്രധാനമാണ് - കെ.ആർ മീര പറഞ്ഞു.

ശബരിമല വിഷയത്തിൽ എന്റെ മതവികാരത്തെ വ്രണപ്പെടുത്തിയതു യു.ഡി.എഫും എൻ.ഡി.എയുമാണ്. ഹിന്ദു എന്ന നിലയിൽ എന്റെ കാഴ്ചപ്പാടിലുള്ള ശാസ്താവ് അദ്വൈതത്തിന്റെയും ജാതിമതവർഗ വർണ ബോധത്തിന് അതീതമായ ആത്മീയതയുടെയും ബിംബമാണെന്നും ആ ശാസ്തൃ സങ്കൽപ്പമാണ് ഈ വിവാദങ്ങളിലൂടെ തകർക്കപ്പെടുന്നതെന്നും മീര പറയുന്നു. എങ്ങനെയാണ് ശബരിമല തിരഞ്ഞെടുപ്പ് വിഷയമാകുന്നത്? ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കുന്നതു വഴി ഹിന്ദുക്കൾ അപകടത്തിലാണ് എന്ന ഭീതി പരത്തുന്നതു വഴിയാണ്. ഭയമില്ലെങ്കിൽ മതമൗലിക വാദമില്ല. മതമൗലികവാദം ഒരിക്കൽ ആരംഭിച്ചാൽ പിന്നെ വീര്യം കൂട്ടുകയല്ലാതെ കുറയ്ക്കാൻ സാധ്യമല്ലെന്നും മീര വ്യക്തമാക്കി.

രാജ്യം കർഷക ആത്മഹത്യകളും സാമ്പത്തിക തകർച്ചയും തൊഴിലില്ലായ്മയും നേരിട്ടു കൊണ്ടിരിക്കെയാണ് അധികാരം കയ്യാളുന്ന ബി.ജെ.പി. ശബരിമലയിൽ യുവതികൾ കയറുന്നതു മാത്രമാണ് രാജ്യത്തെ പ്രധാന പ്രശ്‌നം എന്നു വരുത്തിത്തീർക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനം ഒരു സാമൂഹിക പ്രശ്‌നമല്ലാതിരുന്ന കാലത്ത് അതിനു വേണ്ടി വാദിച്ചതും ലേഖനമെഴുതിയതും ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളാണ്.

സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയിൽ കേസ് കൊടുത്തത് ബി.ജെ.പി.യുമായും ആർ.എസ്.എസുമായും അടുപ്പമുള്ള അഭിഭാഷകരാണ്. വിധി വന്നപ്പോൾ ബി.ജെ.പി. അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അതിനെ സ്വാഗതം ചെയ്തു. പിന്നെ പെട്ടെന്നൊരു നിമിഷം മുതൽ മുൻ നിലപാടുകളിൽ മലക്കം മറിഞ്ഞു. അതിന് കേരളത്തിലെ യു.ഡി.എഫ്. ഒത്താശ പാടുകയും ചെയ്തു. ഇതൊക്കെയാണ് ജനം ആഗ്രഹിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞതയും നേതൃപാടവവുമെങ്കിൽ, അങ്ങനെ കബളിപ്പിക്കപ്പെടാൻ ജനം അറിഞ്ഞു കൊണ്ടു തയ്യാറാണെങ്കിൽ പിന്നെ തിരഞ്ഞെടുപ്പ് എന്തിനാണെന്നും മീര ചോദിക്കുന്നു.

അതുകൊണ്ട്,ഈ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും അതിന്റെ ഏറ്റവും വലിയ ശത്രുവായ സത്യസന്ധതയില്ലായ്മയും തമ്മിലുള്ളതായിരുന്നു. ഈ സത്യസന്ധതയില്ലായ്മയെ ഭയക്കാതെ, ശബരിമല വിഷയത്തിൽ, ആചാരസംരക്ഷണം,നൈഷ്ഠിക ബ്രഹ്മചര്യം എന്നൊക്കെ പറയുന്നത് തൽപ്പര കക്ഷികൾ കെട്ടിച്ചമച്ച കഥകൾ മാത്രമാണ് എന്ന് ആധികാരികമായി സ്ഥാപിച്ചു കൊണ്ട് ധൈര്യത്തോടെ വോട്ടു ചോദിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. ജനങ്ങളോടു സത്യം പറയാൻ പറഞ്ഞു കൊണ്ടേയിരിക്കാൻ എന്തിനു പേടിക്കണം. എത്ര കാലം ഇങ്ങനെ ഭാവിയിൽ നിന്ന് പേടിച്ചോടുമെന്ന് അവർ ചോദിക്കുന്നു.

അതു കൊണ്ട്, പുരോഗമനാശയങ്ങളുടെ രാഷ്ട്രീയം തിരിച്ചു പിടിക്കുന്ന തിരഞ്ഞെടുപ്പു ഫലം ഞാൻ സ്വപ്നം കാണുന്നു. അതു സാധ്യമായാൽ പിന്നെ ശബരിമല എന്നെങ്കിലും തിരഞ്ഞെടുപ്പു വിഷയമായാൽ അതു സ്ത്രീകളുടെ പ്രവേശനത്തെ പ്രതിയാകുകയില്ല, മറിച്ച് അതിലോലമായ അതിന്റെ പരിസ്ഥിതി സംബന്ധിച്ചായിരിക്കുമെന്നും കെ.ആർ മീര പറഞ്ഞു.