terrorist-attack

കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ‌ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങളെത്തുടർന്ന് ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ശ്രീലങ്കൻ പൊലീസ് മേധാവി പുജിത്ത് ജയസുന്ദര രാജിവച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജി ആക്ടിംഗ് പ്രതിരോധ സെക്രട്ടറിക്ക് കൈമാറിയതായും പുതിയ പൊലീസ് മേധാവിയെ ഉടൻ നിർദ്ദേശിക്കുമെന്നും പ്രതിരോധമന്ത്രി കൂടിയായ പ്രസിഡന്റ് സിരിസേന അറിയിച്ചു.

പ്രതിരോധ സെക്രട്ടറി ഹെമസിരി ഫെർണാണ്ടോ വ്യാഴാഴ്ച രാജിവച്ചിരുന്നു. ആക്രമണം തടയുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതിനെത്തുടർന്ന് പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും പ്രസിഡന്റ് രാജി ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്ന് ഹോട്ടലുകളിലും ക്രൈസ്തവ ദേവാലയങ്ങളിലും നടന്ന ചാവേറാക്രമണത്തിൽ 253 പേരാണ് കൊല്ലപ്പെട്ടത്. 485 പേർക്ക് പരിക്കേറ്റു. അതേസമയം,​ 359 പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ ശരീരങ്ങൾ പലതും ചിതറിത്തെറിച്ചതിനാലും തുടർച്ചയായ സ്ഫോടനങ്ങളുണ്ടായതിനാലും കണക്കുകളിൽ പിഴവ് വരികയായിരുന്നെന്നാണ് ലങ്കൻ ആരോഗ്യവകുപ്പിന്റെ വിശദീകരണം.

 സൂത്രധാരനും കൊല്ലപ്പെട്ടു

ശ്രീലങ്കയിലെ സ്‍ഫോടനങ്ങളുടെ സൂത്രധാരൻ സഹ്‌റാൻ ഹാഷിം കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ.

പ്രാദേശിക സംഘടനയായ നാഷണൽ തൗഹിത് ജമാഅത്ത് എന്ന സംഘടനയുടെ തലവനാണ് ഹാഷിം. സ്‍ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐസിസ് പുറത്തുവിട്ട ദൃശ്യങ്ങളിലും ഹാഷിം ഉണ്ടായിരുന്നു. ഐസിസിനോടുള്ള കൂറു പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടു ഭീകരരിൽ മുഖം മറയ്‍ക്കാതിരുന്നതും ഹാഷിം മാത്രമാണ്. അതേസമയം,​ ഭീകരാക്രമണവുമായി ബന്ധമുള്ള മൂന്നു സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.