ins-vikramadithya

കാർവാർ: ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ തീപിടിത്തം. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ലഫ്. കമാൻഡർ ഡി.എസ്. ചൗഹാനാണ് കൊല്ലപ്പെട്ടത്. കർണാടകയിലെ കാർവാറിലുള്ള തുറമുഖത്തേക്കു കപ്പൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് രാവിലെയായിരുന്നു സംഭവമെന്ന് നാവികസേന പുറത്തിറക്കിയ വാർത്താക്കുറപ്പിൽ പറയുന്നു.

കപ്പലിൽ തീ പടർന്നു പിടിക്കുന്നത് അണയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ ഉയർന്നു പൊങ്ങിയ പുക ശ്വസിച്ച ഡി.എസ്. ചൗഹാൻ ബോധരഹിതനാവുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും ചൗഹാന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

2004 ജനുവരിയിലാണ് റഷ്യയിൽനിന്ന് 2.3 ബില്യൺ യുഎസ് ഡോളറിന് ഇന്ത്യ വിമാനവാഹിനിക്കപ്പൽ വാങ്ങിയത്. അറ്റകുറ്റപ്പണികൾ വൈകിയതിനാൽ 2013ലാണു വിക്രമാദിത്യ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. 20 നില കെട്ടിടത്തിന്റെ ഉയരമുള്ള കപ്പലിന് 284 മീറ്ററാണ് നീളം. 40,000 ടൺ ഭാരവും കപ്പലിനുണ്ട്‌.