ബാങ്കുകളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടും പുറത്തുവിടണമെന്ന് കോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് മനഃപൂർവം തിരിച്ചടയ്ക്കാത്തവരുടെ (വിൽഫുൾ ഡിഫോൾട്ടർമാർ) വിവരം ഉടൻ പുറത്തുവിടണമെന്ന് റിസർവ് ബാങ്കിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. വിവിധ ബാങ്കുകളിൽ റിസർവ് ബാങ്ക് നടത്തിയ പരിശോധനയുടെ റിപ്പോർട്ടും പുറത്തുവിടണം. ഇത് റിസർവ് ബാങ്കിന് നൽകുന്ന അവസാന അവസരമാണെന്നും വീഴ്‌ച വരുത്തിയാൽ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി.
വിവരാവകാശ പ്രവർത്തകരായ ഗിരീഷ് മിത്തൽ, സുഭാഷ് ചന്ദ്ര അഗർവാൾ എന്നിവർ റിസർവ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഒരു അവസരം കൂടി റിസർവ് ബാങ്കിന് നൽകുകയാണെന്ന് വ്യക്തമാക്കിയത്. വിൽഫുൾ ഡിഫോൾട്ടർമാരുടെ വിവരം, എസ്.ബി.ഐ., എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബാങ്കുകളിൽ 2011-2015 കാലയളവിൽ റിസർവ് ബാങ്ക് നടത്തിയ പരിശോധനയുടെ റിപ്പോർട്ട്, സഹാറാ ഗ്രൂപ്പ്, ബാങ്ക് ഒഫ് രാജസ്ഥാൻ എന്നിവയിലെ തട്ടിപ്പുകൾ സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിശോധന റിപ്പോർട്ടുകൾ എന്നിവ ഗിരീഷ് മിത്തലും സുഭാഷ് ചന്ദ്ര അഗർവാളും വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ വിവരങ്ങൾ പുറത്തുവിടുന്നത് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്‌ട് സെക്‌ഷൻ 45 എൻ.ബി., ആർ.ടി.ഐ ആക്‌ട് സെക്‌ഷൻ 8(1)(ഇ) എന്നിവ പ്രകാരം ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു റിസർവ് ബാങ്കിന്റെ മറുപടി. റിസർവ് ബാങ്കിന്റെ നിലപാട് 2015ലെ സുപ്രീം കോടതിയുടെ തന്നെ വിധിയുടെ ലംഘനമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. വിവരങ്ങൾ നൽകുന്നത് മനഃപൂർവം തടഞ്ഞ, അന്നത്തെ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
റിസർവ് ബാങ്ക് ഇത്തരത്തിൽ തുടർച്ചയായി കോടതി ഉത്തരവ് ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിവരങ്ങൾ പുറത്തുവിടാൻ ഒരു അവസരം കൂടി നൽകുകയാണ് എന്നും ഹർജി പരിഗണിച്ച ജസ്‌റ്രിസ് എൽ. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവരാവകാശ പ്രകാരം വിവരങ്ങൾ പുറത്തുവിടാത്തതിന് ഈ ജനുവരിയിൽ റിസർവ് ബാങ്കിന് സുപ്രീം കോടതി, കോടതിയലക്ഷ്യ നോട്ടീസ് അയയ്ച്ചിരുന്നു. കേന്ദ്ര വിവരാവകാശ കമ്മിഷനും റിസർവ് ബാങ്കിന്റെ നടപടി തെറ്രാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് പ്രതിരോധിച്ചതോടെയാണ് കോടതി ഇന്നലെ അന്ത്യശാസനം നൽകിയത്.