ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യു.കെ വെസ്റ്റ് മിനിസ്റ്റർ കോടതി മൂന്നാംതവണയും തള്ളി. മേയ് 24 വരെ മോദിയുടെ കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. 24നാണ് ഇനി കേസ് പരിഗണിക്കുക. സാക്ഷികൾക്ക് വധഭീഷണിയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചാണ് കോടതി ഇത്തവണയും ജാമ്യം നിഷേധിച്ചത്. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയിൽ കഴിഞ്ഞ മാർച്ച് 21നാണ് മോദിയെ സ്കോട്ലാൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്.