modi-vs-pinarayi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ ജീവൻ ഭയന്നാണ് ജീവിക്കുന്നതെന്ന നരേന്ദ്രമോദിയുടെ പ്രസ്ഥാവമാണ് മുഖ്യമന്ത്രിയുടെ വിമർശത്തിന് കാരണം. വാരണവാസിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ പരാമർശം.

പ്രധാനമന്ത്രി എന്ന ഉന്നതസ്ഥാനത്തിന് ചേർന്നതല്ല നരേന്ദ്രമോദിയുടെ പ്രസ്ഥാവനയെന്നും, ഇത്തരം അബദ്ധപ്രസ്ഥാവനകൾ നടത്തുന്നതിന് മുമ്പ് അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്ന കേന്ദ്ര സർക്കാരിന്റെ ക്രൈം റെക്കോർഡ്സ്‌ ബ്യൂറോയുടെ കണക്കൊന്ന് പ്രധാനമന്ത്രി നോക്കണമെന്ന് പിണറായി തന്റെ ഫേസ്ബുക്കിൽ വിമർശിക്കുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'പ്രധാനമന്ത്രി എന്ന ഉന്നതമായ സ്ഥാനത്തിന് ചേർന്നതല്ല കേരളത്തെക്കുറിച്ചു നരേന്ദ്ര മോഡി വാരാണസിയിൽ നടത്തിയ പരാമർശങ്ങൾ. കേരളത്തിൽ ബി.ജെ.പി.ക്കാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് എന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്? ഏതു ബിജെപിക്കാരനാണ് പുത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്തത്?

രാജ്യത്ത് ഏറ്റവും സമാധാനവും മികച്ച ക്രമസമാധാന പാലനവുമുള്ള കേരളത്തെയും കേരളജനതയേയും പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ വ്യാജപ്രചാരണത്തിലൂടെ അവഹേളിക്കുന്നതു പ്രതിഷേധാർഹമാണ്. അക്രമവും കൊലപാതകവും ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നു കേന്ദ്ര സർക്കാരിന്റെ ക്രൈം റെക്കോർഡ്സ് ബ്യൂറോ തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അബദ്ധ പ്രസ്താവന നടത്തുന്നതിനു മുൻപ് ആ കണക്കു നോക്കാൻ പ്രധാനമത്രി തയാറാകാഞ്ഞത് അത്ഭുതകരമാണ്.

സംഘപരിവാറിൽപെട്ട അക്രമികൾക്ക് സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്ന സാഹചര്യം യുപിയും ഗുജറാത്തും ഉൾപ്പെടെ ബി.ജെ.പി. ഭരിക്കുന്ന പല സംസ്ഥാനങ്ങളിലുമുണ്ട്. ആ പരിരക്ഷ കേരളത്തിൽ ലഭിക്കില്ല. ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും.

വർഗീയത ഇളക്കിവിട്ട് സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും തകർക്കാൻ ആർ.എസ്.എസ്. നേതൃത്വത്തിൽ നിരന്തരം ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാണ് അത്തരം കലാപനീക്കങ്ങളെ പ്രതിരോധിക്കുന്നത്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും ശക്തികൾക്ക് കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കും എന്ന ഭീതിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പ്രേരണയാകുന്നത്.

എന്തു നുണയും പ്രചരിപ്പിക്കാൻ മടിയില്ലാത്ത കൂട്ടരാണ് ആർ.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവർക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടർ വർഗ്ഗീയ ലഹളകൾ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്. ഇത്തരം നുണകൾ ആവർത്തിക്കാൻ മതസൗഹാർദത്തിനും സമാധാന ജീവിതത്തിനും പേരുകേട്ട കേരളത്തെ പശ്ചാത്തലമാക്കുന്നത് ദൗർഭാഗ്യകരമാണ്'.