ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐ.ഡി കാർഡുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കിഴക്കൻ ഡൽഹിയിലെ ആംആദ്മി സ്ഥാനാർത്ഥി അതിഷി മർലേന ഗംഭീറിനെതിരെ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഗംഭീറിനെതിരായ പരാതിയിൽ മേയ് ഒന്നിന് വാദം കേൾക്കുമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു.
ഡൽഹി കരോൾ ബാഗിലെയും രാജേന്ദർ നഗറിലെയും വിലാസങ്ങളിലാണ് ഗംഭീറിന്റെ ഐ.ഡി കാർഡുകളെന്ന് അതിഷി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരോൾ ബാഗിലെ വോട്ടർ ആണ് താനെന്ന കാര്യം ഗംഭീർ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നും അതിഷിയിൽ പരാതിയിൽ ആരോപിക്കുന്നു. ഉടനേ അയോഗ്യനാകാൻ പോകുന്ന ആൾക്ക് വോട്ടുനൽകി, വോട്ട് പാഴാക്കരുതെന്ന് ആവശ്യപ്പെട്ട് ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളും ഗംഭീറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.