ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇപ്പോൾ ദേശീയ പാർട്ടി പദവിയുള്ളത് ഏഴു കക്ഷികൾക്ക്. 52 പാർട്ടികൾക്കാണ് സംസ്ഥാനതല പദവി. പക്ഷേ, കൗതുകമുള്ളത്, അംഗീകൃതവും അതേസമയം അപരിചിതവുമായ പാർട്ടികളുടെ എണ്ണമാണ്. അത്തരം 2301 പാർട്ടികളുണ്ട് കമ്മിഷന്റെ പട്ടികയിൽ.
പാർട്ടികൾക്ക് ദേശീയ, സംസ്ഥാന പദവികൾ നിശ്ചയിക്കുന്നത് 1968-ലെ തിരഞ്ഞെടുപ്പു ചിഹ്നങ്ങൾ സംബന്ധിച്ച ചട്ടമനുസരിച്ചാണ്. അതനുസരിച്ച് ഏതെങ്കിലുമൊരു പാർട്ടിക്ക് ദേശീയപദവി ലഭിക്കാൻ ഇനി പറയുന്ന മൂന്നു മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്ന് കൈവരിക്കണം. ചുരുങ്ങിയത് മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി, ലോക്‌സഭയിലെ ആകെ സീറ്റിന്റെ രണ്ടു ശതമാനത്തിൽ (11 സീറ്റ്) വിജയിക്കണമെന്നതാണ് ഒരു മാനദണ്ഡം. നാല് ലോക്‌സഭാ സീറ്റിലെ വിജയത്തിനു പുറമേ, നാല് സംസ്ഥാനങ്ങളിൽ ലോക്‌സഭാ, അസംബ്ളി തിരഞ്ഞെടുപ്പുകളിൽ ആറു ശതമാനം വോട്ടുകൾ നേടുകയാണ് ദേശീയ പദവിക്കുള്ള മറ്റൊരു മാനദണ്ഡം. ഇതു രണ്ടുമല്ലെങ്കിൽ, പാർട്ടിക്ക് നാലോ അതിലധികമോ ഇടത്ത് സംസ്ഥാനപദവി ഉണ്ടായിരിക്കണം.
തൃണമൂൽ കോൺഗ്രസിനും ബഹുജൻ സമാജ് പാർട്ടിക്കും ദേശീയകക്ഷി പദവി ലഭിച്ചത് മൂന്നാമത്തെ വഴിക്കാണ്. 2001-ൽ ബി.എസ്.പിക്ക് മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ സംസ്ഥാന പദവിയുണ്ടായിരുന്നു. അസംബ്ളി തിരഞ്ഞെടുപ്പുകളിൽ പാർട്ടി നാലിടത്തും ആറു ശതമാനത്തിലേറെ വോട്ട് നേടുകയും ചെയ്‌തു. തൃണമൂലിന് ദേശീയപദവി കിട്ടിയത് 2016-ലാണ്. ബംഗാളിനു പുറമേ, മണിപ്പൂർ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായിരുന്നു തൃണമൂലിന് സംസ്ഥാന പദവി.
ബി.ജെ.പി, കോൺഗ്രസ്, സി.പി.ഐ, സി.പി.എം, എൻ.സി.പി, ബി.എസ്.പി, തൃണമൂൽ കോൺഗ്രസ് എന്നിവയാണ് ദേശീയ പദവിയുള്ള പാർട്ടികൾ.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സി.പി.എം, സി.പി.ഐ, എൻ.സി.പി കക്ഷികൾക്ക് ദേശീയ പാർട്ടി പദവി നഷ്‌ടമായെങ്കിലും, ദേശീയപദവി നിശ്ചയിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പു പ്രകടനം പത്തു വർഷത്തിലൊരിക്കൽ വിലയിരുത്തിയാൽ മതിയെന്ന് 2016-ൽ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കുകയായിരുന്നു.