modi

സിദ്ധി (മദ്ധ്യപ്രദേശ്)​: പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്റെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതെന്ന് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ രാഷ്ട്രീയ പ്രവർത്തകരാണ്, പിന്നെ എന്തിനാണ് ഞങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് എന്നാണ് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. എന്നാൽ, രാജ്യത്തെ നിയമം എല്ലാ ജനങ്ങൾക്കും ഒരുപോലെയാണ്. ഇനി മോദി എന്തെങ്കിലും തെറ്റു ചെയ്താൽ മോദിയുടെ വീട്ടിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തും. വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനുശേഷം മദ്ധ്യപ്രദേശിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരുടെ വീടുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെടുത്ത പണം രാഹുൽഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടി കരുതിയിരുന്നതാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. അതേസമയം, എൻ.ഡി.എ സഖ്യകക്ഷി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദലിന്റെ കാൽതൊട്ട് മോദി അനുഗ്രഹം വാങ്ങിയതു സോഷ്യൽ മീഡിയയിൽ തരംഗമായി. വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായി എൻ.ഡി.എ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണു മോദി 93കാരനായ പ്രകാശ് സിംഗ് ബാദലിന്റെ കാൽ തൊട്ട് വന്ദിച്ചത്.