കോട്ടയം: കെവിൻ വധക്കേസിൽ പ്രതി ഷാനു ചാക്കോയ്ക്കെതിരെ നിർണായക മൊഴിയുമായി സുഹൃത്ത്. കെവിൻ കൊല്ലപ്പെട്ട കാര്യം ഒന്നാം പ്രതി ഷാനു തന്നോട് പറഞ്ഞതായി അയൽക്കാരൻ കൂടിയായ സുഹൃത്ത് ലിജോ കോടതിയിൽ പറഞ്ഞു. 'കെവിൻ മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്' എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നൽകിയിരിക്കുന്നത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയിലാണ് പ്രതിക്കെതിരെ നിർണായക മൊഴി രേഖപ്പെടുത്തിയത്.
ഇതിനിടെ പ്രതിക്കെതിരെ മൊഴി രേഖപ്പെടുത്തിയ ലിജോയ്ക്കെതിരെ പ്രതി വധഭീഷണി മുഴക്കി. സാക്ഷിക്കൂട്ടിൽ നിൽക്കുന്ന ലിജോയുടെ കഴുത്തറക്കുമെന്ന് പ്രതി കെെ കൊണ്ട് കാണിച്ചു. ഇതിനെതിരെ പ്രതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി. കെവിൽ കെല്ലപ്പെട്ടതിന് ശേഷം ലിജോയെ വിളിച്ച് മരണപ്പെട്ട കാര്യം പറയുകയായിരുന്നു. തുടർന്ന് ഷാനുവിനോട് കീഴടങ്ങാൻ നിർദേശിച്ചതായും ലിജോ കോടതിയിൽ വ്യക്തമാക്കി.
കേസിലെ മുഖ്യ പ്രതികളായ ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ കോടതിയിൽ തിരിച്ചറിഞ്ഞു. കെവിൽ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്നെ നീനുവിന്റെ പിതാവിനെ കോട്ടയത്തെത്തിയത് ലിജോയോടൊപ്പം ആയിരുന്നു. കേസിലെ മുഖ്യസാക്ഷിയായ അനീഷിന്റെ വിസ്താരം പൂർത്തിയായി. കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ അനീഷ് തിരിച്ചറിഞ്ഞിട്ടുണ്ട്.