വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി യു.പിയിലെ വാരണാസി ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വാരണാസിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷമാണ് മോദി പത്രിക സമർപ്പണത്തിനെത്തിയത്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ജെ.പി. നഡ്ഡ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ, അണ്ണാ ഡി.എം.കെ നേതാവ് ഒ. പനീർശെൽവം, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവരും പത്രികാസമർപ്പണത്തിന് മോദിക്കൊപ്പമെത്തിയിരുന്നു. വ്യാഴാഴ്ച മദൻ മോഹൻ മാളവ്യയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്ന് തുടങ്ങി ഏഴ് കിലോമീറ്റർ ദൂരം മോദിയുടെ റോഡ് ഷോ വാരണാസിയിൽ ഉണ്ടായിരുന്നു.
സ്വത്ത്, വരുമാനം, വിദ്യാഭ്യാസം...
ആകെയുള്ളത് 2.51 കോടിയുടെ ആസ്തി. ഇതിൽ 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും.
പ്രധാന വരുമാന മാർഗം ശമ്പളവും നിക്ഷേപത്തിൽ നിന്നുള്ള പലിശയും.
1978ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ ബിരുദവും 1983ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും.
കൈയിൽ പണമായുള്ളത് 38,750 രൂപ. ബാങ്ക് അക്കൗണ്ടിലുള്ളത് 4143 രൂപ.
എസ്.ബി.ഐയിൽ ഫിക്‌സഡ് നിക്ഷേപം 1.27 കോടി രൂപ.
20000 രൂപയുടെ ബോണ്ടും എൻ.എസ്.സി (നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്) യിൽ 7.61 ലക്ഷം രൂപയും.
1.90 ലക്ഷം രൂപയുടെ രണ്ട് ഇൻഷ്വറൻസ് പോളിസികൾ.
1.13 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങൾ
ഭാര്യ: യശോദ ബെൻ
തെറ്റുകാരനെങ്കിൽ എന്നെയും...
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തന്റെ വസതിയിലും ആദായനികുതി റെയ്ഡ് നടത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയ്ഡുകൾ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ കേന്ദ്ര സർക്കാർ ദുരുപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കു മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ''ഈ രാജ്യത്തെ നിയമം എല്ലാവർക്കും തുല്യമാണ്. മോദി എന്തെങ്കിലും തെറ്റ് ചെയ്തെന്നിരിക്കട്ടെ, മോദിയുടെ വീട്ടിലും തീർച്ചയായും ആദായനികുതി റെയ്ഡ് നടത്തണം"- മോദി പറഞ്ഞു.