sultan-batery-suicide-bom
sultan batery suicide bomb


സുൽത്താൻ ബത്തേരി: ശരീരത്തിൽ സ്‌ഫോടക വസ്തു കെട്ടി വച്ച് എത്തിയ മദ്ധ്യവയസ്‌കൻ സുഹൃത്തിന്റെ ഭാര്യയെ ചേർത്ത് നിറുത്തി നടത്തിയ

സ്ഫോടനത്തിൽ ഇരുവരും മരണമടഞ്ഞു. ഫർണിച്ചർ ഷോപ്പ് ഉടമയായ മൂലങ്കാവ് എറളോട്ട്കുന്ന് പെരുങ്ങോട്ടിൽ ബെന്നിയും (48), നായ്‌ക്കെട്ടി ഇളവന അബ്ദുൾ നാസറിന്റെ ഭാര്യയും അക്ഷയ സെന്റർ ജീവനക്കാരിയുമായ അംല എന്ന അമലും (36) ആണ് മരിച്ചത്.

അബ്ദുൾ നാസറിന്റെ വീടിന്റെ മുന്നിൽ ഇന്നലെ ഉച്ചയ്ക്ക് 1.10നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്‌ഫോടനത്തിൽ ഇരുവരുടെയും ശരീരം ചിന്നിച്ചിതറി. വീടിന്റെ വരാന്തയിൽ നിന്ന് പത്ത് മീറ്ററോളം ദൂരെ വരെ മാംസക്കഷണങ്ങൾ തെറിച്ച് വീണു. സംഭവം നടക്കുമ്പോൾ അബ്ദുൾ നാസറിന്റെ അഞ്ചു വയസുകാരിയായ ഇളയകുട്ടി ആയിഷ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുഞ്ഞിന്റെ ശരീരമാകെ ചോരയും മാംസക്കഷണങ്ങളും പറ്റിപ്പിടിച്ചു. കുഞ്ഞിന് പരിക്കൊന്നും ഏറ്റില്ല.
ഇന്നലെ ഉച്ചയ്‌ക്ക് അബ്ദുൾ നാസർ പള്ളിയിൽ പോയപ്പോഴാണ് സംഭവം നടന്നത്.

ഉഗ്രശക്തിയുള്ള സ്‌ഫോടക വസ്തു ശരീരത്തിൽ കെട്ടിവച്ച് എത്തിയ ബെന്നി അമലിനെ പുറത്തേക്ക് വിളിച്ച് വരാന്തയിൽ വച്ച് കെട്ടിപ്പിടിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. ബെന്നിയുടെ ശരീരഭാഗങ്ങൾ അകത്തേക്കും അമലിന്റെ ശരീരഭാഗങ്ങൾ വരാന്തയിൽ നിന്ന് പുറത്തേക്കും ചിന്നിച്ചിതറിയ നിലയിലാണ് കാണപ്പെട്ടത്.
സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററോളം ദൂരെ കേട്ടു. ഉഗ്ര ശബ്ദം കേട്ടാണ് പള്ളിയിൽ ഉണ്ടായിരുന്നവർ ഓടി എത്തിയത്.

അക്ഷയ സെന്ററിലെ തന്നെ ജീവനക്കാരനായ അബ്ദുൾ നാസറിന് ആയിഷയെ കൂടാതെ അഫ്രൂസ, അഫ്രീന എന്നീ മക്കളുമുണ്ട്. റീനയാണ് ബെന്നിയുടെ ഭാര്യ. അലൻ, അയോണ എന്നിവർ മക്കളാണ്. ബെന്നി സ്വന്തം ഫർണിച്ചർ കടയിൽ ആശാരിപ്പണിയും ചെയ്‌തിരുന്നു.

എ.എസ്.പി മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. സ്ഫോടക വസ്‌തു വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

അപ്പ പടക്കം പൊട്ടിച്ചതാണെന്ന് ആയിഷ

അബ്ദുൾ നാസറിന്റെ ഇളയകുട്ടി പറഞ്ഞത് അപ്പ വന്ന് പടക്കം പൊട്ടിച്ചതാണെന്നാണ്. ബെന്നിയെ കുട്ടി വിളിക്കുന്നത് അപ്പ എന്നാണ്. ഇന്നലെ ഉച്ചയോടെ ബെന്നി അബ്ദുൾ നാസറിനോട് തനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞിരുന്നു. പരിഹാരമില്ലാത്ത പ്രശ്‌നമുണ്ടോ, ഞാൻ പള്ളിയിൽ പോയിട്ട് വരട്ടെ എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞാണ് നാസർ നിസ്‌കരിക്കാൻ പോയത്. എന്നാൽ എല്ലാം നിമിഷം കൊണ്ട് അവസാനിച്ചു.