ബീജിംഗ്: കോഴി ഇറച്ചി വാങ്ങാൻ മറന്ന ഭർത്താവിനെ ഭാര്യ വീട്ടിൽ വച്ച് കുത്തിക്കൊന്നു. ചൈനയിലെ ലുജിയാങ്ങിലാണ് സംഭവം. വീട്ടിൽ നിന്നും ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഭർത്താവിനോട് മടങ്ങി വരുമ്പോൾ കോഴിയിറച്ചി വാങ്ങാൻ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വീട്ടിൽ എത്തിയ ഭർത്താവ് കോഴിയിറച്ചി വാങ്ങാൻ മറന്നുപോയി. തുടർന്ന് ക്ഷുഭിതയായ ഭാര്യ പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിച്ച് ഭർത്താവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർതൃമാതാവ് നിലവിളി കേട്ട് മുറിയിൽ എത്തിയിരുന്നു. തുടർന്ന് രക്തത്തിൽ കുളിച്ചുകിടക്കുന്ന മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയും ഭർത്താവും തമ്മിൽ വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ഥിരമായി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.