pm-modi

വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രിയുടെ ആസ്തിയും വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തി. നരേന്ദ്രമോദിക്ക് 2.51 കോടിയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ സൂചിപ്പിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 1.27 കോടി രൂപയാണ് മോദിക്കുള്ള നിക്ഷേപങ്ങളിൽ ഏറ്റവും വലുത്. 1.41 കോടിയുടെ ജംഗമസ്വത്തും 1.1 കോടിയുടെ സ്ഥാവര സ്വത്തും അടങ്ങിയതാണ് അദ്ദേഹത്തിന്റെ ആസ്തി.

മോദിയുടെ കെെയിൽ ആകെ 38,​750 രൂപയാണ് പണമായി ഉള്ളത്. 4143 രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ ആസ്തി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 52 ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് മോദിയുടെ പ്രധാന വരുമാന മാർഗം. തന്റെ പേരിൽ യാതൊരു കേസും നിലവിലില്ലെന്നുെം പത്രികയിൽ പറയുന്നു. 1.90 ലക്ഷം രൂപയുടെ രണ്ട് ഇൻഷൂറൻസ് പോളിസിയുണ്ട്. എന്നാൽ ബാധ്യതകൾ ഒന്നുമില്ലെന്നും വ്യക്തമാക്കുന്നു.

നാമനിർദേശ പത്രികയിൽ തനിക്ക് ബിരുദാനന്തര ബിരുദമുണ്ടെന്ന് മോദി വ്യക്തമാക്കി. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും 1983-ൽ അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എന്നാൽ ഇവ രണ്ടും നേടിയത് ഏത് വിഷയത്തിലാണെന്ന് വ്യക്തമാക്കുന്നില്ല.

ഇന്ന് രാവിലെ 11.40ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ശിരോമണി അകലിദൾ നേതാവ് സുഖ്ബീർ സിംഗ്, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ, ബി.ജെ.പി സഖ്യകക്ഷി നേതാക്കൾ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.