bypoll

ചെന്നൈ: തമിഴ്നാട്ടിൽ നാല് അണ്ണാ ഡി.എം.കെ എം.എൽ.എമാരെ അയോഗ്യരാക്കാൻ പാർട്ടി ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ നിയമസഭാ സ്പീക്കർ പി.ധനപാലന് കത്ത് നൽകി. പാർട്ടിവിരുദ്ധനീക്കം നടത്തിയെന്നാരോപിച്ച് ടി.ടി.വി. ദിനകരൻ അനുകൂലികളായ എം.എൽ.എമാർക്കെതിരെയാണ് പാർട്ടി നീക്കം. കള്ളക്കുറിച്ചി എം.എൽ.എ എ. പ്രഭു,​ അരന്ത്നാഗി എം.എൽ.എ ഇ. രത്തിനസഭാപതി,​ വൃദ്ധാചലം എം.എൽ.എ വി.ടി. കലൈസെൽവൻ,​ സ്വതന്ത്ര എം.എൽ.എ തമീമുൻ അൻസാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടിയാവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം,​ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള പാർട്ടിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. 234 അംഗ നിയമസഭയിൽ 22 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്നുണ്ട്. അണ്ണാ ഡി.എം.കെയ്ക്ക് 117 ഉം ഡി.എം.കെയും കോൺഗ്രസും ചേർന്നുള്ള പ്രതിപക്ഷത്തിന് 97 ഉം എം.എൽ.എമാരാണ് തമിഴ്നാട് നിയമസഭയിൽ ഉള്ളത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ ഉപതിരഞ്ഞെടുപ്പിന് ശേഷം കൂറുമാറി മറുകണ്ടം ചാടിയാൽ സംസ്ഥാനത്ത് അണ്ണാ ഡി.എം.കെയുടെ ഭരണത്തിന് ഇളക്കം തട്ടുമെന്നതാണ് പാർട്ടി നേതൃത്വത്തെ കുഴക്കുന്നത്.

2017ലെ നിയമസഭാ തിരഞ്ഞടുപ്പ് സമയത്ത് ദിനകരൻ പക്ഷക്കാരായ 18 എംഎൽഎമാരെ കൂറുമാറിയെന്നാരോപിച്ച് അയോഗ്യരാക്കാൻ നടത്തിയ നീക്കങ്ങൾക്ക് സമാനമാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകൾ. ഒ.പനീർശെൽവം - ഇ.പളനിസ്വാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചതിന് ശേഷമായിരുന്നു പുറത്താക്കൽ നീക്കങ്ങൾ.

''ഈ നാല് എം.എൽ.എമാർ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായുള്ള പരാതികൾ ഇതിനുമുമ്പും ഉയർന്നിരുന്നു. എന്നാലിപ്പോൾ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ചിത്രങ്ങളുൾപ്പെടെയാണ് സ്പീക്കർക്ക് കത്തുനൽകിയിരിക്കുന്നത്."- രാജേന്ദ്രൻ, പാർട്ടി ചീഫ് വിപ്പ്