ചേർത്തല: വിവാഹ നിശ്ചയ ശേഷം ഒട്ടേറെ സ്വപ്നങ്ങളുമായി നാട്ടിലേക്കു മടങ്ങുന്നതിനിടെ ദേശീയപാതയിൽ കണിച്ചുകുളങ്ങര ജംഗ്ഷനു സമീപം സൂപ്പർഫാസ്റ്റ് ട്രാവലറിൽ ഇടിച്ചു മരിച്ച പ്രതിശ്രുത വരൻ വീനിഷിന്റെയും രണ്ടു ബന്ധുക്കളുടെയും മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. മൂന്നു കുട്ടികൾ ഉൾപ്പെടെ പരിക്കേറ്റ 11 പേരെയും കണ്ണൂരിലെ ആശുപത്രികളിലേക്കു മാറ്റി.
കണ്ണൂർ മട്ടന്നൂർ എടയന്നൂർ വിപിനാലയത്തിൽ രവീന്ദ്രന്റെ മകനാണ് വിനീഷ് (30). മാതൃസഹോദരി കണ്ണൂർ പി.ആർ നഗർ പറമ്പിൽ വീട്ടിൽ പുരുഷോത്തമന്റെ ഭാര്യ പ്രസന്ന (48), ബന്ധു ഇരിട്ടി ചാവശേരി പുത്തിയോത്ത് തെക്കൻവീട്ടിൽ വിജയകുമാർ (40) എന്നിവരും വ്യാഴാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചു. രവീന്ദ്രൻ (70), വിനീഷിന്റെ മാതാവ് ശ്യാമള (54), സഹോദരി വിപിന (26), ഇവരുടെ ഭർത്താവ് സുധീഷ് (35), മകൾ നാലു വയസുള്ള വൈഗ, വിനീഷിന്റെ മാതൃസഹോദരിയുടെ മകൻ രമീഷ് (32), ഭാര്യ മിഥുല (29), മക്കളായ വേദിക (5), കൃഷ്ണപ്രിയ (7), രമീഷിന്റെ സഹോദരി രമ്യ (34), ടെമ്പോട്രാവലർ ഡ്രൈവർ മട്ടന്നൂർ കാഞ്ഞിലേലിൽ പൂവംപോയിൽ മിഥുൻനിവാസിൽ നിഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. മരിച്ച വിജയകുമാറിന്റെ ഭാര്യയാണ് രമ്യ.
വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങിന് തിരുവനന്തപുരത്ത് പോയി മടങ്ങുന്നതിനിടെ വ്യാഴാഴ്ച രാത്രി 11.45 ഓടേയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. മുന്നിൽ ഒരേ നിരയിൽ പോകുകയായിരുന്ന രണ്ട് വാഹനങ്ങളെ മറികടന്ന് സൂപ്പർ ഫാസ്റ്റ് വരുന്നതു കണ്ട് ട്രാവലർ വെട്ടിച്ചപ്പോൾ പിൻഭാഗത്തായി ഇടിക്കുകയായിരുന്നു. ട്രാവലർ മലക്കംമറിഞ്ഞ് സമീപത്തെ മരത്തിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും എത്തിയാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വിനീഷും പ്രസന്നയും തത്ക്ഷണം മരിച്ചു. വാഹനത്തിനുള്ളിൽപ്പെട്ട് ഗുരുതര പരിക്കേറ്റ വിജയകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയറ്റിറക്ക് തൊഴിലാളിയാണ് വിനീഷ്. പെയിന്റിംഗ് തൊഴിലാളിയാണ് വിജയകുമാർ.