കിളിമാനൂർ: രാജാരവിവർമ്മ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ രാജാരവിവർമ്മ അവാർഡിന് പ്രമുഖ ചിത്രകാരൻ കാരയ്ക്കാ മണ്ഡപം വിജയകുമാർ അർഹനായി. ചിത്രകലാരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. 30 വർഷക്കാലം തിരുവനന്തപുരം ആയൂർവേദ കോളേജിലെ ചിത്രകാരനായിരുന്നു. കേരള ലളിതകലാ അക്കാദമി, വൈലോപ്പള്ളി സംസ്‌കൃതി ഭവൻ എന്നിവയിൽ നിർവ്വാഹ സമിതി അംഗമാണ്. പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ്.
പ്രമുഖരായ ചിത്രകാരന്മാരുടെ നിർദ്ദേശം പരിഗണിച്ചാണ് രാജാരവിവർമ്മ കൾച്ചറൽ സൊസൈറ്റി കാരയ്കാ മണ്ഡപം വിജയകുമാറിനെ അവാർഡിനായി പരിഗണിച്ചത്. പതിനായിരം രൂപയും സർട്ടിഫിക്കറ്റും മൊമെന്റോയുമാണ് അവാർഡ്. രാജാ രവിവർമ്മയുടെ 172ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 29ന്ന് വൈകുന്നേരം 4 മണിക്ക് കിളിമാനൂർ രാജാ രവിവർമ്മ സാംസ്‌കാരിക നിലയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളത്തിൽ വച്ച് ഡോ.എ.സമ്പത്ത് എം.പി അവാർഡ് നൽകുമെന്ന് സൊസൈറ്റി പ്രസിഡന്റ് എം.ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കരയക്കാ മണ്ഡപം സ്വദേശിയാണ് വിജയകുമാർ . ഉഷാകുമാരിയാണ് ഭാര്യ. അരുൺ വിജയ്, ആര്യാവിജയ് എന്നിവർ മക്കളാണ്.