goa-bjp

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ പ്രദീപ്കുമാറിനോടുള്ള വിരോധം കാരണം ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ പി.എ മുഹമ്മദ് റിയാസിന്റെ അനുയായികൾ തനിക്കു വോട്ടു ചെയ്‌തെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ ബി.ജെ.പി സ്ഥാനാർത്ഥി പ്രകാശ്ബാബു. ഒരു സ്വകാര്യ ചാനലിലാണ് വെളിപ്പെടുത്തൽ.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഹമ്മദ് റിയാസിനെ തോൽപ്പിക്കാൻ പ്രദീപ്കുമാർ ഉൾപ്പെട്ട വി.എസ് പക്ഷം ശ്രമിച്ചെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനു പ്രതികാരമെന്നോണം റിയാസ് അനുകൂലികൾ വോട്ട് മറിച്ചെന്നാണ് പ്രകാശ്ബാബു പറയുന്നത്. റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കൾ തന്നെ നേരിട്ടു കണ്ട് സഹായം വാഗ്ദാനം ചെയ്‌തു. താൻ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകൾ കൃത്യമായി ബി.ജെ.പിക്കു വീണിട്ടുണ്ട്- പ്രകാശ്ബാബു പറഞ്ഞു.

ചെലവൂർ, നെല്ലിക്കോട്, കരുവശേരി, കുന്ദമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.എം വോട്ടുകളാണ് ബി.ജെ.പിയിലേക്കു ചോർന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് പാളയത്തിലെത്തിയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ ആരോപിച്ചതിനു പിന്നാലെയാണ്, തങ്ങൾക്കാണ് സി.പി.എം വോട്ട് കിട്ടിയതെന്ന വാദവുമായി ബി.ജെ.പി സ്ഥാനാർത്ഥി രംഗത്തെത്തിയത്. കോഴിക്കോട്ടും വടകരയിലും ബി.ജെ.പി- കോൺഗ്രസ് വോട്ടു കച്ചവടം നടന്നെന്ന് ബുധനാഴ്‌ചയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചത്. പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ ബി.ജെ.പിക്കെതിരെ ഒന്നും പറയാത്തതും ബൂത്തിൽ ഏജന്റുമാരെ നിർത്താത്തതും ചൂണ്ടിക്കാട്ടിയായിരുന്നു പി.മോഹനന്റെ ആരോപണം.