modi

ന്യൂഡൽഹി: ഒഡീഷയിലെ സാംബൽപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടർ പരിശോധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മോദിയുടെ ഹെലികോപ്ടർ പരിശോധിച്ചതിനെ തുടർന്ന് സുരക്ഷ സംഘത്തിന്റെ നിർദേശം പാലിച്ചില്ലെന്ന കാരണത്താൽ മുഹമ്മദ് മുഹ്സിൻ എന്ന ഐ.എ.എസുകാരനെ സസ്‌പെൻഡ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുമ്മദ് മുഹ്സിൻ.

ജോലി ചെയ്തതിനാണ് തന്നെ സസ്‌പെൻഡ് ചെയ്തതെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് മുഹ്സിൻ പറഞ്ഞു. ഞാൻ എന്റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോർട്ട് പോലുമില്ല. ഇരുട്ടിൽ എനിക്കു വേണ്ടി ഞാൻ പോരാടുമെന്ന് മുഹമ്മദ് മുഹ്സിൻ കൂട്ടിച്ചേർത്തു.


ഒഡീഷയിലെ സാംബൽപൂരിൽ വച്ചാണ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് മോദിയുടെ ഹെലികോപ്ടർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ഐ.എ.എസ് ഓഫീസർ മുഹമ്മദ് മുഹ്സിൻ പരിശോധിച്ചത്. പതിനഞ്ച് മിനിറ്റോളം ഹെലികോപ്‌ടർ തടഞ്ഞു വച്ചിരുന്നു. എസ്‌.പി.ജി പ്രത്യേക സുരക്ഷയുള്ളവർക്ക് നൽകുന്ന ഇളവുകൾ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു മുഹമ്മദ് മുഹ്സിനെതിരെ ആരോപിച്ച കുറ്റം. പരിശോധന മോദിയുടെ യാത്ര വൈകിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം ഇല്ലാതെ എസ്‌.പി.ജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെയും ഡി.ഐ.ജിയുടെയും റിപ്പോർട്ട് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു.1996 ബാച്ച് കർണാടകയിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്സിൻ.