കായംകുളം: സോഷ്യൽ നെറ്റ് വർക്കിംഗ് ആപ്പായ 'ഷെയർ ചാറ്റി'ലൂടെ പരിചയം സ്ഥാപിച്ച ശേഷം ഭാര്യമാരെ പരസ്പരം കൈമാറിയ നാലു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള അറസ്റ്റ്.
കൃഷ്ണപുരം കാപ്പിൽമേക്ക് സ്വദേശി കിരൺ (35), വവ്വക്കാവിൽ വാടകയ്ക്ക് താമസിക്കുന്ന സീതി (39), കൊല്ലം പെരിനാട് കേരളപുരം സ്വദേശി ഉമേഷ് (28), തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് സി.ഐ പി.കെ. സാബുവിന്റെ നേതൃതത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കിരണിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: 2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. നാല് കുടുംബങ്ങളാണ് ഷെയർ ചാറ്റിംഗ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ആരുടെയെങ്കിലും വീട്ടിൽ ഒത്തുകൂടിയ ശേഷം ഭാര്യമാരെ പരസ്പരം കൈമാറി ഒരുകിടക്കയിൽ തന്നെ ബന്ധപ്പെടുന്നതായിരുന്നു ഇവരുടെ രീതി.
കിരൺ ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കൈമാറുകയും ചെയ്തു. പിന്നീട് ഒരിക്കൽ സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി എത്തി. ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ചു. ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിലും കിരൺ ഭാര്യയെ കൊണ്ടു പോയി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. എന്നാൽ ഭാര്യ എതിർത്തിനാൽ ശ്രമം പരാജയപ്പെട്ടു.രണ്ട് ദിവസം മുൻപ് സമാനമായ മറ്റൊരു യാത്രയ്ക്കിടെ ഈ യുവതി കിരണിന്റെ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി കായകുളം പൊലീസ് സ്റ്രേഷനിൽ അഭയംപ്രാപിക്കുകയായിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.