ന്യൂഡൽഹി: പഞ്ചാബി ഗായകൻ ദലർ മെഹന്ദി ബി.ജെ.പിയിൽ ചേർന്നു. ഈ ആഴ്ചയിൽ പാർട്ടിയിൽ ചേരുന്ന രണ്ടാമത്തെ സെബ്രിറ്റിയാണ് ദലർ. ബോളിവുഡ് താരം സണ്ണി ഡിയോൾ കഴിഞ്ഞദിവസം പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ, ദലറിന് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വിജയ് ഗോയൽ, ബി.ജെ.പി ഡൽഹി അദ്ധ്യക്ഷൻ മനോജ് തിവാരി, ഗായകനും നോർത്ത് വെസ്റ്റ് ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ ഹൻസ് രാജ് ഹൻസ്, ചാന്ദ്നി ചൗക്ക് സ്ഥാനാർത്ഥി ഹർഷ് വർദ്ധൻ, ഗൗതം ഗംഭീർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു 51കാരനായ ദലന്റെ പാർട്ടിപ്രവേശം. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദലർ കോൺഗ്രസിൽ ചേരുകയും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു പാട്ടെഴുതുകയും ചെയ്തിരുന്നു. 1990കളിൽ ബോളിവുഡിൽ തിളങ്ങനിന്നിരുന്ന ഗായകനായിരുന്നു ദലർ മെഹന്ദി.