news-

1. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് എതിരായ ഒളിക്യാമറ വിവാദത്തില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ അന്വേഷണം തുടങ്ങി. വാര്‍ത്ത പുറത്ത് വിട്ട ചാനലിന്റെ മൊഴി നാളെ രേഖപ്പെടുത്തും. കോഴിക്കോട് നോര്‍ത്ത് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലാണ് മൊഴി എടുക്കുന്നത്. എം.കെ രാഘവന് എതിരെ പൊലീസ് കേസ് എടുത്തത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍

2. അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നും ഇന്ത്യയൊട്ടാകെ അഴിമതിക്കാരായ ജനപ്രതിനിധികള്‍ക്ക് എതിരെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റിപ്പോര്‍ട്ടിംഗ് എന്നുമാണ് ചാനല്‍ സംഘം ആദ്യം മൊഴി നല്‍കിയത്. സംഭാഷണം ഡബ്ബ് ചെയ്ത് ചേര്‍ത്തത് എന്നാണ് രാഘവന്‍ മൊഴി നല്‍കിയത്. ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് തെളിയിക്കാന്‍ സാധിക്കൂ

3. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതിക്കാരി ഹാജരായി. ആഭ്യന്തര അന്വേഷണ സമിതിയ്ക്ക് മുന്നിലാണ് ഹാജരായത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ സമിതി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ വാദം കേട്ടപ്പോള്‍ ചേംബറില്‍ ഉണ്ടായിരുന്നത് സമിതിയിലെ മൂന്ന് അംഗങ്ങള്‍ മാത്രം. മൊഴി എടുക്കുമ്പോള്‍ പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചില്ലെന്ന് സൂചന.

4. സുപ്രീംകോടതി സെക്രട്ടറി ജനറല്‍ രേഖകള്‍ ഹാജരാക്കി. അടുത്ത വാദത്തിന്റെ തീയതി സമിതി തീരുമാനിക്കും. സുപ്രീംകോടതിയുടെ പരിപാവനത സംരക്ഷിക്കാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്ന് ചീഫ് ജസ്റ്റിസിന് എതിരെ ഉള്ള ലൈംഗിക പീഡന പരാതിയിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നിയോഗിച്ച റിട്ട. ജഡ്ജി എ.കെ പട്നായിക് പറഞ്ഞിരുന്നു

5. കെവിന്‍ വധക്കേസില്‍ നിര്‍ണായക മൊഴി നല്‍കിയ സാക്ഷി ലിജോയ്ക്ക് കോടതിക്ക് ഉള്ളില്‍ ഭീഷണി. പ്രതിക്കൂട്ടില്‍ നിന്ന് എട്ടാം പ്രതി നിഷാദ് ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തി എന്ന് ലിജോയുടെ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ സഹോദരന്‍ ഷാനു ചാക്കോയുടെ കൂട്ടുകാരനാണ് ലിജോ. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്നതിനിടെ ആയിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് കോടതി പ്രതിഭാഗത്തിന് കര്‍ശന താക്കീത് നല്‍കി

6. സാക്ഷികള്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതി നിര്‍ദ്ദേശം. ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് എതിരെ നിര്‍ണായക മൊഴിയാണ് പുറത്ത് വന്നത്. കെവിന്‍ കൊല്ലപ്പെട്ടെന്ന് ഷാനു ഫോണില്‍ വിളിച്ച് പറഞ്ഞ് എന്ന് സുഹൃത്തും അയല്‍വാസിയുമായ ലിജോ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

7. ഒന്നാം പ്രതി ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉന്നയിക്കുന്നതിനിടെ ആണ് ലിജോ നിര്‍ണായക മൊഴി നല്‍കിയത്. കേസില്‍ 26ാം പ്രതി കൂടിയാണ് ലിജോ. ചാക്കോ ഉള്‍പ്പടെ ഉള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ലിജോയുടെ മൊഴി കേസില്‍ അതീവ നിര്‍ണായകമാവും

8. കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഉള്ളതിനാലാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം.

9. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദ്ദം കടല്‍ക്ഷോഭത്തിന് കാരണമാകും എന്ന് അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയില്‍ തീരപ്രദേശം. അതിശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയുടെ തീരമേഖലകളില്‍ നിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കടല്‍ക്ഷോഭം രൂക്ഷമായ വലിയതുറ മേഖലയില്‍ 9 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി.

10. തെക്ക്- കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്രഭാഗത്ത് ശനിയാഴ്ചയോടെ ന്യൂമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാവും എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യ രേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്നാട് , ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യ ബന്ധനത്തിന് പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിവരണം എന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

11. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ കുറിച്ച് വാരാണസിയില്‍ മോദി നടത്തിയ പരാമശങ്ങള്‍ പദവിയ്ക്ക് ചേരാത്തത്. കേരളത്തില്‍ ബി.ജെ.പിക്കാര്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹര്യം കേരളത്തില്‍ ഇല്ല. രാജ്യത്ത് ഏറ്റവും ക്രമസമാധാനം ഉള്ള കേരളത്തെയും കേരള ജനതയെയും പ്രധാനമന്ത്രി ഇത്തരത്തില്‍ ഉള്ള വ്യാജ പ്രചരണത്തിലൂടെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹം

12. സംഘപരിവാറില്‍പ്പെട്ട അക്രമികള്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്‍കുന്ന സാഹചര്യം യു.പിയിലും ഗുജറാത്തിലും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. കേരളത്തില്‍ ഈ പരിരക്ഷ ലഭിക്കില്ല. സംഘപരിവാറിന് ഇവിടെ പ്രത്യേക നിയമമില്ല. അക്രമം നടത്തുന്നത് ആരായാലും നിയമത്തിന് മുന്നില്‍ എത്തിക്കും. വര്‍ഗീയത ഇളക്കി വിട്ട് ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം എന്നും മുഖ്യമന്ത്രി.