ജലോർ(രാജസ്ഥാൻ): കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്ത്. എല്ലാവർക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം നൽകി രാഹുൽ ഗാന്ധി രാജ്യം മുഴുവനും സഞ്ചരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷന്റെ കുടുംബം അഞ്ച് തലമുറകളായി പാവപ്പെട്ടവർക്ക് മുദ്രാവാക്യങ്ങളല്ലാതെ മറ്റെന്ത് നൽകിയെന്ന് അദ്ദേഹം ചോദിച്ചു. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 259 കേന്ദ്രങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തു. എല്ലായിടത്തും പൊതുവായി കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾ പിന്തുണയ്ക്കുന്നതാണ്. രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ചു. എല്ലായിടത്തും മുഴങ്ങുന്നത് മോദി .. മോദി എന്ന മുദ്രാവാക്യം മാത്രമാണ്. ഈ മുദ്രാവാക്യം ജനങ്ങൾ മുഴക്കുന്നതിന് പിന്നിൽ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനഹൃദയങ്ങൾ കീഴടക്കിയത് കാരണമെന്നും അമിത് ഷാ അവകാശപ്പെട്ടു.