kallada

ബംഗളൂരുവിലേക്കുള്ള യാത്രക്കാരെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 'കല്ലട" ബസിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുകയാണ്. യാത്രക്കാരെ മർദ്ദിക്കുന്ന വീഡിയോയും വാർത്തയും പുറത്തു വന്നതോടെ, കല്ലട ബസിൽ മുമ്പുണ്ടായ ദുരനുഭവം പങ്കുവച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അറ് വർഷം മുമ്പ് കല്ലട ബസിൽ നിന്നുണ്ടായ അനുഭവം പങ്കുവച്ച് യുവതി രംഗത്തെത്തിയിരിക്കുന്നു. ബസിലെ ജീവനക്കാർ തന്നോട് മോശമായി പെരുമാറിയെന്ന് ഹണി ബാസ്കർ എന്ന യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ബംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജീവനക്കാരന്റെ അപമര്യാദയോടുള്ള പെരുമാറ്റം. യാത്രക്കിടയിൽ ബാലൻസ് തെറ്റി വീഴാൻ പോണ പോലെ അഭിനയിച്ച് തന്റെ ശരീരത്തിൽ ജീവനക്കാരൻ സ്പർശിച്ചു. ശരീരത്തിൽ പുഴു കേറിയ പോലെ വന്ന അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്. അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിർത്തി. 'തല്ലെടീ…' എന്നൊരു അലർച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. ഹണി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.ആറു വർഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂർ. നാട്ടിൽ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയിൽ ബാലൻസ് തെറ്റി വീഴാൻ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.മനപ്പൂർവ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിർത്തിയതും സഖാക്കൾ മിത്രങ്ങൾ കാത്തു നിന്നിരുന്നു.

എന്റെ ബാഗെടുത്ത് റോഡിലേക്ക് വെച്ച് പത്തനംതിട്ടക്കാരൻ സഖാവ് സനൽ, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിർത്തി.'തല്ലെടീ… ' എന്നൊരു അലർച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി.പിന്നവർ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാൻ വന്ന ഡ്രൈവർക്കിട്ടും കിട്ടി.ഈ ഇലക്ഷൻ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാർത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓർത്ത് വല്ലാത്തൊരു സന്തോഷം…!