മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് ഇന്ത്യൻസ് 46 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. ആദ്യം ബാറ്ര് ചെയ്ത മുംബയ് ഇന്ത്യൻസ് രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 17.4 ഓവറിൽ 109 റൺസിന് ആൾഔട്ടാവുകയായിരുന്നു.
4 വിക്കറ്റെടുത്ത ലസിത് മലിംഗയാണ് ചെന്നൈയെ തകർത്തത്. ക്രുനാൽ പാണ്ഡ്യ 3 ഓവറിൽ 7 റൺസ് മാത്രം നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംര 3 ഓവറിൽ 10 റൺസ് വഴങ്ങി 2 വിക്കറ്രെടുത്തു.സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ കളിയിൽ മികച്ച പ്രകടനവുമായി ടീമിന്റെ വിജയ ശില്പിയായ ഷേൻ വാട്സണിന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. മലിംഗയെറിഞ്ഞ ആദ്യ ഓവറിൽ 4 പന്തിൽ നിന്ന് 2 ഫോറുൾപ്പെടെ 8 റൺസുമായി നന്നായി തുടങ്ങിയ വാട്സൺ അഞ്ചാം പന്തിൽ രാഹുൽ ചഹാറിന്റെ കൈയിൽ ഒതുങ്ങുകയായിരുന്നു. ധോണിയുടെ അഭാവത്തിൽ നായകനായ സുരേഷ് റെയ്ന (2) വലിയ ചെറുത്ത് നിൽപില്ലാതെ ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് നൽകി മടങ്ങി. അമ്പാട്ടി റായ്ഡുവിനെയും (0), കേദാർ ജാദവിനെയും (6) ക്രുനാൽ
ക്ലീൻ ബൗൾഡാക്കിയതോടെ ചെന്നൈ പ്രതിസന്ധിയിലാവുകയായിരുന്നു. 38 റൺസെടുത്ത ഓപ്പണർ മുരളി വിജയ്‌യാണ് അവരുടെ ടോപ് സ്കോറർ.
ഫോമിലേക്ക് മടങ്ങിയെത്തിയ നായകൻ രോഹിത് ശർമ്മയുടെ (48 പന്തിൽ 67) അർദ്ധ സെഞ്ച്വറിയാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഒന്നു വീതം സിക്സും ഫോറുമായി നന്നായി തുടങ്ങിയ ക്വിന്റൺ ഡി കോക്കിന്റെ (9 പന്തിൽ 15) വിക്കറ്റാണ് മുംബയ്ക്ക് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ എവിൻ ലൂയിസ് (30 പന്തിൽ 32) രോഹിതിന് പിന്തുണയുമായി ക്രിസീൽ പിടിച്ചു നിന്നു. രണ്ടാം വിക്കറ്റിൽ 75 റൺസിന്റെ കൂട്ടുകെട്ട് രോഹിതും ലൂയിസും പടുത്തുയർത്തി. 13-ാം ഓവറിലെ ആദ്യ പന്തിൽ ലൂയിസിനെ ബ്രാവോയുടെ കൈയിൽ എത്തിച്ച് സാന്റ്നറാണ് കൂട്ടുകെട്ട് പൊളിച്ചത്. വമ്പനടിക്കെത്തിയ ക്രുനാൽ പാണ്ഡ്യ (3 പന്തിൽ 1) പക്ഷേ താഹിറിന്റെ പന്തിൽ സാന്റ്നർക്ക് ക്യാച്ച് നൽകി വന്നപോലെ മടങ്ങി. രോഹിത് ശർമ്മയെ ടീം സ്കോർ 122ൽ വച്ച് 17മത്തെ ഓവറിലെ 2-ാം പന്തിൽ സാന്റ്നറുടെ പന്തിൽ വിജയ് പിടികൂടി. ഹാർദ്ദിക് പാണ്ഡ്യ (18 പന്തിൽ 23), കീറോൺ പൊള്ളാഡ് (12 പന്തിൽ13) എന്നിവർ പുറത്താകതെ നിന്നു. സാന്റ്നർ രണ്ട് വിക്കറ്റ് വീഴ്ത്തി.
ധോണിക്ക് പനി
സ്ഥിരം നായകൻ എം.എസ്. ധോണിക്ക് പനിയായതിനാൽ സുരേഷ് റെയ്‌നയാണ് ഇന്നലെ ചെന്നൈയെ നയിച്ചത്.