ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയാകുന്ന ഒരു മണ്ഡലമുണ്ട്. അഥവാ, അത്തരം ഒറ്റ മണ്ഡലമേ രാജ്യത്തുള്ളൂ- ജമ്മു കശ്‌മീരിലെ അനന്ത്നാഗ്. അവിടെ, മണ്ഡലത്തിൽ ഉൾപ്പെട്ട കുൽഗാം ജില്ലയിൽ നാളെ ആദ്യവട്ട പോളിംഗ് നടക്കും.
കശ്‌മീർ താഴ്‌വരയുടെ തെക്കൻ മേഖലയിലാണ് ഷോപിയാൻ, പുൽവാമ, കുൽഗാം, അനന്ത്നാഗ് ജില്ലകളിലായി പടർന്നുകിടക്കുന്ന അനന്ത്നാഗ് ലോക്‌സഭാ മണ്ഡലം. ഈ നാലു ജില്ലകളും അതിർത്തി കടന്നുള്ള പാക് ആക്രമണങ്ങൾക്കും നുഴഞ്ഞുകയറ്റക്കാരായ പാക് ഭീകരന്മാർ നടത്തുന്ന ആക്രമണങ്ങൾക്കും നിരന്തരം വേദിയാകുന്ന മേഖലയായതുകൊണ്ടുതന്നെ സ്ഥിതിഗതികൾ സങ്കീർണം. 2016 ജൂലായിൽ ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം അനന്ത്നാഗ് മണ്ഡലത്തിലെ രാഷ്‌ട്രീയസ്ഥിതിയും അതീവസങ്കീർണവും, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന സ്ഥിതിയിലും.പതിനാറ് അസംബ്ളി മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് അനന്തനാഗ് ലോക്‌സഭാ മണ്ഡലം. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണം 12,99,659. ഇവരിൽ സ്ത്രീകൾ 6,15,929 പേർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.ഡി.പി നേതാവ് മെഹബൂബ മുഫ്‌തി 65,417 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2016-ൽ സംസ്ഥാന മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി എം.പി സ്ഥാനം രാജിവച്ചു. മെഹബൂബ മുഫ്‌തി തന്നെ ഇത്തവണയും പി.ഡി.പി സ്ഥാനാർത്ഥി. ജെ.കെ.എൻ.എഫ് സ്ഥാനാർത്ഥിയായി ഹസനൈൻ മസൂദിയും ബി.ജെ.പി സ്ഥാനാർത്ഥിയായി സോഫി യൂസഫും കോൺഗ്രസിൽ നിന്ന് ഗുലാം അഹമ്മദ് മിറും മത്സരിക്കുന്നു. ആകെ പതിനെട്ട് സ്ഥാനാർത്ഥികൾ.