തിരുവനന്തപുരം: ചാവേർ സ്ഫോടനങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന ശ്രീലങ്കയ്ക്ക് ആശ്വാസതീരമായി നമ്മുടെ തലസ്ഥാനം. സ്ഫോടന പരമ്പരകളെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ തമിഴ്നാട്ടിൽ നിന്ന് വിവാഹം ചെയ്ത ശ്രീലങ്കക്കാരും അവിടെ സ്ഥിരതാമസമാക്കിയ മലയാളികളുമെല്ലാം തിരിച്ചെത്തുകയാണ്. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം എല്ലാവർക്കും വിസ ഓൺ അറൈവൽ ലഭ്യമാക്കുന്നുണ്ട്. വ്യാഴാഴ്ച മാത്രം
226 പേരാണ് ഇങ്ങോട്ട് വന്നത്. വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം അതീവജാഗ്രതയിലാണ്. വരുന്നവരെയും പോകുന്നവരെയും പരിശോധിക്കുകയും യാത്രാ ഉദ്ദേശ്യം മനസിലാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഭീകരർ കടൽമാർഗം കടക്കാനിടയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് നാവിക, തീരസംരക്ഷണ സേനകളും പൊലീസും അതീവ ജാഗ്രത പുലർത്തുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനസർവീസുകൾക്ക് മുടക്കമുണ്ടായിട്ടില്ല. തിരുവനന്തപുരത്തേക്കുള്ള ശ്രീലങ്കൻ എയർവേയ്സിന്റെ സർവീസ് മുടക്കമില്ലാതെ നടന്നു. രാവിലെ 8.45നെത്തി 9.45ന് തിരിച്ചുപറക്കുന്ന തരത്തിലാണ് സർവീസ്. ശ്രീലങ്കയിൽ താമസമാക്കിയ മലയാളികളും വിനോദസഞ്ചാരികളുമെല്ലാം കൂട്ടത്തോടെ ശ്രീലങ്ക വിടുകയാണ്. ഇവരായിരുന്നു യാത്രക്കാരിൽ ഏറെയും. ശ്രീലങ്കൻ സർവീസുകൾ മുടങ്ങില്ലെന്ന് വ്യോമയാന അതോറിട്ടി അറിയിച്ചതായി വിമാനത്താവള അധികൃതർ പറഞ്ഞു. അടിയന്തരാവസ്ഥയെത്തുടർന്ന് ഹോട്ടൽ ബുക്കിംഗും മതിയായ രേഖകളും ഇല്ലാത്തവർക്ക് ശ്രീലങ്കയിൽ വിസ ഓൺ അറൈവൽ നൽകുന്നില്ല. പക്ഷേ, ഇവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് എമിഗ്രേഷൻ ബ്യൂറോ വ്യക്തമാക്കി.
ശ്രീലങ്കൻ എയർവേയ്സിൽ ശ്രീലങ്കയ്ക്ക് പോകാനുള്ളവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. 180ൽ 109 ബുക്കിംഗ് മാത്രമാണുണ്ടായിരുന്നത്. ഇതിൽ ശ്രീലങ്കയിലിറങ്ങേണ്ടവർ നാലോ അഞ്ചോ പേർ മാത്രമാണ്. കൂടുതൽ പേരും ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരാണ്. മലേഷ്യ, മാലിദ്വീപ്, പശ്ചിമേഷ്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ട്രാൻസിറ്റ് പോയിന്റാണ് ശ്രീലങ്ക. 40 രാജ്യങ്ങളിലേക്ക് അവിടെ നിന്ന് ട്രാൻസിറ്റുണ്ട്. നിരക്കു കുറഞ്ഞ വിമാന സർവീസായതിനാൽ സാമ്പത്തികലാഭം നോക്കി സാധാരണക്കാർ ശ്രീലങ്കൻ എയർലൈൻസാണ് തിരഞ്ഞെടുക്കുന്നത്. ഇങ്ങനെയുള്ളവർക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങേണ്ടതില്ല. അടിയന്തരാവസ്ഥയാണെങ്കിലും അവിടെ വിമാനസർവീസുകൾ മുടങ്ങിയിട്ടില്ലെന്ന് എമിഗ്രേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു. പക്ഷേ, വിനോദസഞ്ചാരികൾ കുറവാണ്. വിമാനത്താവളം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. രേഖകൾ ഉള്ളവരെ പുറത്തേക്ക് വിടുന്നുണ്ട്. വിമാനത്താവളത്തിൽ കർശന പരിശോധനയാണ്. തിരുച്ചിറപ്പള്ളി, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകളും മുടങ്ങിയിട്ടില്ല. തിരുവനന്തപുരത്തേക്ക് ശ്രീലങ്കൻ എയർവേയ്സിന്റെ ഒരു സർവീസ് മാത്രമാണുള്ളത്.
അതേസമയം, വിഴിഞ്ഞം അടക്കമുള്ള തീരമേഖലകളിൽ കോസ്റ്റൽ പൊലീസും നാവികസേനയും കോസ്റ്റ്ഗാർഡും നിരീക്ഷണവും പരിശോധനകളും ഊർജ്ജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ശ്രീലങ്കയിലേക്ക് 380.19 കിലോമീറ്റർ ദൂരമേയുള്ളൂ. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ സംഘടനയിൽ പെട്ടവർ കടലിലൂടെ രക്ഷപ്പെടാനും ഇന്ത്യയിലേക്കു കടക്കാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകൽസമയത്ത് തീരദേശ പൊലീസും രാത്രിയിൽ നാവികസേനയും തീരസംരക്ഷണ സേനയും പട്രോളിംഗ് നടത്തും.
ശ്രീലങ്കൻ അഭയാർത്ഥികൾ ബോട്ടുകളിലെത്തി വിഴിഞ്ഞത്തേക്ക് നീന്തിക്കയറിയ നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ഉൾക്കടലിലെ വലിയ ബോട്ടുകളിൽ നിന്ന് ആളുകളെ ചെറുവള്ളങ്ങളിൽ കരയിലെത്തിക്കാനും തലസ്ഥാനത്ത് സംഘങ്ങളുണ്ട്.
തീരദേശത്ത് സുരക്ഷാസംവിധാനങ്ങൾ കർശനമാക്കി. കോസ്റ്റൽ പൊലീസിന്റെ ബോട്ടുകൾ കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. തീരപ്രദേശത്തും ഹാർബറുകളിലും പരിശോധനയുണ്ട്. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ തീരസംരക്ഷണസേനയെ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. തീരദേശവാസികൾക്കും കടലോര ജാഗ്രതാസമിതികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദ്ദേശം കൈമാറി. ടോമിൻ തച്ചങ്കരി (എ.ഡി.ജി.പി, കോസ്റ്റൽ പൊലീസ്)