തിരുവനന്തപുരം: ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലേക്ക് വേഗത്തിൽ പോകാൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പുതിയ കവാടം തുറക്കുന്നു. യാത്രാ ടിക്കറ്റും പ്ളാറ്റ് ഫോം ടിക്കറ്റും എടുക്കാൻ ഇവിടെ ഒരു സിംഗിൾ വിൻഡോ കൗണ്ടറുമുണ്ടാകും.മേയ് ആദ്യവാരം ഇത് തുറക്കും. തമ്പാനൂരിലെ കെ. എസ്.ആർ.ടി.സി ബസ് സ്റ്റേഷന് നേരെ എതിർവശത്താണ് പുതിയ കവാടം. ആർ.എം.എസിന്റെ (റെയിൽവേ മെയിൽ സർവീസ് ) മതിലിനോട് ചേർന്ന് പുതുതായി റെയിൽവേ നിർമ്മിച്ച പ്രീമിയർ പാർക്കിംഗ് മേഖലയിലൂടെ ഒന്നാം പ്ളാറ്റ് ഫോമിലേക്ക് കയറുന്ന തരത്തിലാണ് കവാടം. റെയിൽവേ സ്റ്റേഷനിലെ ഏത് പ്ളാറ്റ് ഫോമിൽ ട്രെയിൻ ഇറങ്ങിയാലും കൊല്ലം വശത്തെ മേൽപാലത്തിലൂടെ ഒന്നാം പ്ളാറ്റ്ഫോമിലിറങ്ങി പുതിയ കവാടത്തിലൂടെ നേരെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെത്താം. ഈ ഭാഗത്ത് ട്രാഫിക് മീഡിയനില്ലാത്തതിനാൽ എളുപ്പം റോഡ് മുറിച്ച് കടക്കാം.ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുമുണ്ടാകും.
പുതിയ കവാടം കൂടി വരുന്നതോടെ തമ്പാനൂർ വശത്ത് മാത്രം റെയിൽവേക്ക് മൂന്ന് കവാടങ്ങളാകും. സ്റ്റേഷനിലെ പ്രധാന കവാടത്തിന് പുറമെ പ്രധാന ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ, പ്രീപെയ്ഡ് ആട്ടോ കൗണ്ടർ എന്നിവയ്ക്ക് സമീപത്ത്കൂടെ മറ്റൊരു കവാടമുണ്ട്. ഇതിന് പുറമെയാണ് ബസ് സ്റ്റേഷനിലേക്ക് പുതിയ കവാടം.
റെയിൽവേ സ്റ്റേഷന്റെ പിന്നിൽ പവർഹൗസ് റോഡിൽ മറ്റൊരു കവാടവുമുണ്ട്. ഇവിടെയും ടിക്കറ്റ് കൗണ്ടറുണ്ട്.
തമ്പാനൂരിലെ തിരുവനന്തപുരം സിറ്റി റെയിൽവേ സ്റ്റേഷന്റെ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കവാടവുമൊരുങ്ങുന്നത്. പ്ളാറ്റ് ഫോം നവീകരണം, എല്ലാ പ്ളാറ്റ് ഫോമുകളിലും എസ്കലേറ്റർ, ലിഫ്റ്റ്, യാത്രക്കാർക്ക് ചികിത്സാ സൗകര്യം, നിലവാരമുള്ള ഭക്ഷണശാലകൾ, എല്ലാ പ്ളാറ്റ് ഫോമുകളെയും ബന്ധിപ്പിച്ച് മേൽപ്പാലങ്ങൾ, കുറഞ്ഞ നിരക്കിൽ താമസ സൗകര്യം, പാർക്കിംഗ് കേന്ദ്രങ്ങൾ, എല്ലാ പ്ളാറ്റ് ഫോമിലും എൽ.ഇ.ഡി. ഡിസ്പ്ളെ എന്നിവ ഇതിന്റെ ഭാഗമായാണ് പൂർത്തിയാക്കിയത്.