സംസ്ഥാനത്ത് ആദ്യമായി ഒരു റെയിൽവേ സ്റ്റേഷന് ഇന്റർനാഷണൽ സ്റ്റാൻഡേർഡൈസേഷൻ ഒാർഗനൈസേഷന്റെ അംഗീകാരം.പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായാണ് തിരുവനന്തപുരത്തിന് അംഗീകാരം ലഭിച്ചത്. രാജ്യത്ത് ഇൗ അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ. മദ്ധ്യപ്രദേശിലെ ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ, തമിഴ്നാട്ടിലെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്കാണ് ഇതിന് മുമ്പ് ഇൗ അംഗീകാരം ലഭിച്ചിട്ടുള്ളത്.
ശുചിത്വം, യാത്രക്കാർക്ക് മികച്ച സേവനം, റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം മൂലം നഗരത്തിലെ പരിസ്ഥിതിക്ക് ഒരുതരത്തിലുള്ള ആഘാതവും ഉണ്ടാകാതിരിക്കാനുള്ള കർശനമായ മുൻകരുതലുകൾ എന്നിവയ്ക്കാണ് ഐ.എസ്.ഒ 140001-2015 അംഗീകാരം നൽകിയത്. ഇൗ വർഷം ഏപ്രിൽ എട്ടിനാണ് അംഗീകാരം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. അടുത്ത വർഷം ആദ്യ ആഡിറ്റ് നടക്കും. 2022 വരെയാണ് ഇതിന്റെ കാലാവധി. രാജ്യത്ത് ആദ്യമായി റെയിൽവേ സ്റ്റേഷനിലെ മാലിന്യങ്ങൾ സമാഹരിച്ച് സംസ്കരിക്കാൻ സ്വന്തം സംവിധാനമൊരുക്കിയതാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് ഇൗ നേട്ടം ലഭിക്കാൻ സഹായകരമായത്. നിലവിലെ ഡിവിഷണൽ സീനിയർ കൊമേഴ്സ്യൽ മാനേജർ രാജേഷ് ചന്ദ്രൻ സ്റ്റേഷൻ ഡയറക്ടറായിരുന്ന കാലയളവിലാണ് ഇതിനുള്ള നടപടികൾ തുടങ്ങിയത്. നിലവിൽ അജിത് കൗശലാണ് സ്റ്റേഷൻ ഡയറക്ടർ. അദ്ദേഹമാണ് ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.