തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരക്കിന്റെ ആലസ്യത്തിൽപ്പെട്ട് തുടങ്ങാൻ താമസിച്ച മഴക്കാല പൂർവ ശുചീകരണം ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
വേനൽമഴയും പിന്നാലെ എത്താനുള്ള കാലവർഷവും രോഗങ്ങളുടെ വാഹകരാകുമെന്നതിനാൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെല്ലാം മഴക്കാല പൂർവ ശുചീകരണം ആരംഭിക്കാൻ തിരക്കിട്ട പരിശ്രമം തുടങ്ങുകയാണ്. ഒരല്പം താമസിച്ചെങ്കിലും ഇനി ഒരുമാസക്കാലം തിരക്കിട്ട മഴക്കാല പൂർവശുചീകരണത്തിനാകും നാടും നഗരവും സാക്ഷിയാവുക. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നാടെങ്ങും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അനേക ദിവസത്തെ അദ്ധ്വാനമാണ് വേണ്ടിവരിക. ശുചീകരണ നടപടികൾക്ക് താമസം നേരിട്ടാൽ വെള്ളം ഒഴുകിപ്പോകുന്ന ഓടകളിൽ മാലിന്യങ്ങൾ അടഞ്ഞ് തടസം ഉണ്ടാകും. ഇതോടെ കാലവർഷത്തിൽ നഗരത്തെ കാത്തിരിക്കുന്നത് വെള്ളപ്പൊക്കവും പകർച്ചവ്യാധി ഭീഷണിയുമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ശുചീകരണം നടത്തിയ കിള്ളിയാറും, തൊഴിലുറപ്പ് പദ്ധതി പ്രകാരം വൃത്തിയാക്കിയ ജലാശയങ്ങളും മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇവ നീക്കം ചെയ്തില്ലെങ്കിൽ കാലവർഷത്തിൽ നഗരം വെള്ളത്തിൽ മുങ്ങും. നഗരത്തിൽ അനുദിനം കുന്നുകൂടുന്ന മാലിന്യങ്ങൾ പല ഭാഗങ്ങളിലായി കൂടിക്കിടക്കുന്നുണ്ട്. മാലിന്യം നീക്കം ചെയ്യാതിരിക്കുകയും മഴ തുടരുകയും ചെയ്താൽ മാലിന്യം അഴുകി കൃമികീടങ്ങൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ട്. കൊതുകു പെരുകുന്നതിലൂടെ പകർച്ചവ്യാധി ഭീഷണി ഉയരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരുമാസക്കാലത്തെ ശുചീകരണം
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്ന് ഏപ്രിൽ 26 മുതൽ മേയ് 26 വരെ നീളുന്ന ഒരു മാസക്കാലത്തെ മഴക്കാല പൂർവ ശുചീകരണം ആരംഭിക്കുകയാണ്. വാർഡുകളിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ സമിതിയുടെ തീരുമാനപ്രകാരമാകും ഓരോ വാർഡിലും പ്രവർത്തനങ്ങൾ നടക്കുക. 25,000 രൂപയാണ് ഓരോ വാർഡിനും ശുചീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. വാർഡ് കൗൺസിലർ ചെയർമാനും ഹെൽത്ത് ഇൻസ്പെക്ടർ കൺവീനറുമായുള്ള സമിതിയാണ് പദ്ധതികൾ ഏകോപിപ്പിക്കുന്നത്. പൊതുപ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ അടങ്ങുന്നതാണ് സമിതി.
ഡ്രൈ ഡേ ഞായറാഴ്ച
ആക്ഷൻ പ്ളാനിൽ നിർദ്ദേശിച്ചിട്ടുള്ളതനുസരിച്ചാണ് ഓരോ ദിവസവും ചെയ്യേണ്ട പ്രവൃത്തികൾ നടത്തുന്നത്. കൊതുകു നശീകരണത്തിനുള്ള ഡ്രൈ ഡേ ഞായറാഴ്ചയാണ് നടത്തുക. മാർക്കറ്റ് ശുചീകരണം വ്യാഴാഴ്ചയും നടത്തും. സമാനമായി മറ്റു ദിവസങ്ങളിലും ഓരോ പ്രവൃത്തികൾ മുൻകൂട്ടി തയ്യാറാക്കി സംഘടിപ്പിക്കും. ഏതൊക്കെ ഭാഗത്താണ് പ്രത്യേകം ശുചീകരണം നടത്തേണ്ടത് എന്നതനുസരിച്ചാണ് പദ്ധതികൾ പൂർത്തീകരിക്കുക.
ലേറ്റായത് രണ്ടു മാസം
കഴിഞ്ഞ വർഷം കാലവർഷമെത്തുന്നതിനു രണ്ടു മാസത്തോളം മുൻപ് മഴക്കാല ശുചീകരണം തുടങ്ങിയിരുന്നു. ആമയിഴഞ്ചാൻ തോട്, പട്ടം തോട്, കണ്ണമ്മൂല തോട് തുടങ്ങി മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്ന ജലാശയങ്ങളാണ് ശുചിയാക്കാറുള്ളത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കിയെങ്കിലും മറ്റു തോടുകൾ ശുചിയാക്കിയിട്ടില്ല. ഒരു തവണ ശുചിയാക്കിയ കിള്ളിയാറിൽ പോലും ടൺ കണക്കിന് മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ഓടകളിലെ ചെളിയും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതോടൊപ്പം നീക്കേണ്ടതുണ്ട്.
മുൻകാലങ്ങളിൽ കൃത്യമായ മാലിന്യ നീക്കം നടക്കാതിരുന്ന സമയങ്ങളിൽ സംസ്ഥാനമൊട്ടാകെ ചിക്കുൻഗുനിയ രോഗം പടർന്നു പിടിച്ചിരുന്നു. ഡെങ്കിപ്പനിയും എലിപ്പനിയുമടക്കം പകർച്ചവ്യാധികൾ നാട്ടിലാകെ പടർന്നുപിടിച്ചതും ശുചീകരണത്തിന്റെ പോരായ്മയായിരുന്നു. തിരഞ്ഞെടുപ്പ് തിരക്കിൽപ്പെട്ടാണ് മഴക്കാല ശുചീകരണം താമസിച്ചുപോയത്. നാളെ മുതൽ ഒരുമാസക്കാലം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് തന്നെ ഇതുസംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് എത്തിക്കും. അടുത്ത ദിവസങ്ങളിൽ എല്ലാ വാർഡുകളിലും ശുചിത്വ ആരോഗ്യ സമിതിയുടെ യോഗം ചേർന്ന് പരിപാടികൾ തീരുമാനിച്ച് നടപ്പിലാക്കും. - അലക്സാണ്ടർ, (ഹെൽത്ത് സൂപ്പർവൈസർ)