തിരുവനന്തപുരം: ചാലക്കമ്പോളം പൈതൃക നവീകരണ പദ്ധതിയുടെ ഭാഗമായി 'സ്ഥലം മാറ്റിയ" പച്ചക്കറി മാർക്കറ്റിനുള്ളിലെ അഞ്ഞൂറോളം കച്ചവടക്കാരുടെ ബുദ്ധിമുട്ടിന് അറുതിയില്ല. പച്ചക്കറി മാർക്കറ്റിന് സമീപം കോർപറേഷന്റെ കെട്ടിടത്തിന് മുന്നിലും പാർക്കിംഗ് സ്ഥലത്തേക്കുമായി മാറ്റിയിരുത്തിയവരാണ് നിന്നു തിരിയാൻ സ്ഥലമില്ലാതെ ത്രാസും പച്ചക്കറിക്കൂടകളുമായി വ്യാപാരം നടത്തുന്നത്.
ചാലക്കമ്പോളം നവീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബർ 30നാണ് ഇവിടത്തെ കച്ചവടക്കാരെ സ്ഥലം മാറ്റിയിരുത്തിയത്. മൂന്ന് മാസത്തിനുള്ളിൽ മാർക്കറ്റ് നവീകരിച്ച് വേനൽക്കാലത്തിന് മുൻപ് കച്ചവടക്കാർക്കായി തുറന്ന് കൊടുക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. നാലടി വീതിയും നീളവുമുള്ള ചതുരാകൃതിയിലുള്ള സ്ഥലമാണ് കച്ചവടക്കാർക്കായി പ്രത്യേകം വരച്ച് നൽകിയത്.
നവീകരണം തുടങ്ങി അഞ്ച് മാസമായിട്ടും കെട്ടിടത്തിന്റെ പണി അൻപത് ശതമാനം പോലും പൂർത്തിയായിട്ടില്ല. വേനൽക്കാലത്ത് വെയിലുകൊണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് കച്ചവടക്കാർ. പുലർച്ചെ 5 മണിക്ക് തുടങ്ങുന്ന കച്ചവടം ഉച്ചയ്ക്ക് 1 മണി വരെയാണ് സജീവമായി നടക്കുന്നത്. അതുകൊണ്ട് തന്നെ വെയിൽ കൊള്ളാതെ നിവൃത്തിയില്ല. ചിലർ വലിയ കുടകളും ചെറിയ ടാർപ്പയും നിവർത്തി വെയിലിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വെയിലുകൊള്ളാതെ കഴിയില്ല. പല കച്ചവടക്കാർക്കും കുട ചൂടാനുള്ള സാമ്പത്തികവുമില്ല.
അഞ്ഞൂറോളം വരുന്ന കച്ചവടക്കാർക്ക് വെയിലേൽക്കാതിരിക്കാൻ ചാക്കിന്റെ തണലെങ്കിലും ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഒരു മാസത്തിനുള്ളിൽ മഴക്കാലം ഇങ്ങ് എത്തും. അതോടെ കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ. നിർമ്മാണം ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും പണി നീണ്ടുപോകുകയാണ്.
അത്യാധുനിക മാർക്കറ്റിന്റെ നിർമ്മാണം മുന്നോട്ട്
അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പച്ചക്കറി മാർക്കറ്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മാർക്കറ്റിലെ പഴയ കടകൾ പൊളിച്ചാണ് പുതിയത് നിർമ്മിക്കുന്നത്. ഇവയ്ക്ക് ഓട് മേൽക്കൂരയും പണിയണം, നടപ്പാതകളിൽ ഇന്റർലോക്കിട്ട് മഴവെള്ളം ഒഴുകാനുള്ള സംവിധാനം ഒരുക്കണം, പുതിയ കെട്ടിടത്തിന്റെ വശങ്ങളിലും കടകൾ സജ്ജീകരിക്കണം തുടങ്ങി ജോലികൾ ഒട്ടേറെയുണ്ട്. പ്രധാന കവാടവും മത്സ്യ മാർക്കറ്റിനോട് ചേർന്ന് മാലിന്യം സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റും ഒരുക്കേണ്ടതുണ്ട്.
ചാല നവീകരണം ആദ്യഘട്ടം
രണ്ടാംഘട്ടം
സ് മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് 63 കോടി രൂപ ചെലവിടും. കഴിക്കേകോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള പ്രധാന റോഡും ചാലയിലെ മറ്റ് ഇടറോഡുകളും നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കിക്കേകോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള പ്രധാന റോഡുകളുടെയും ചാലയിലെ മറ്റ് ഇടറോഡുകളുടെയും നവീകരണമാണ് രണ്ടാം ഘട്ടത്തിൽ പ്രധാനപ്പെട്ട പദ്ധതി.
ചാല മാർക്കറ്റ് നവീകരണം ധൃതഗതിയിൽ പുരോഗമിക്കുകയാണ്. താമസിയാതെ പൂർത്തിയാകുന്നതോടെ കച്ചവടക്കാരുടെ ബുദ്ധിമുട്ടുകൾക്ക്ശാശ്വത പരിഹാരമാകും. വി.കെ. പ്രശാന്ത്, (മേയർ)