തിരുവനന്തപുരം: വേനലവധിക്ക് സ്കൂൾ അടച്ചാൽ പാടത്തും തൊടിയിലും ഓടി നടന്ന് മാവിൽ കല്ല് എറിഞ്ഞും മഴയും വെയിലും കൊണ്ടും വഴക്കുണ്ടാക്കിയും ചെലവഴിച്ചിരുന്ന ഒരു കുട്ടിക്കാലത്തെക്കുറിച്ച് വാചാലരാകാറുണ്ട് പഴമക്കാർ. എന്നാൽ ഇന്നത്തെ ബാല്യത്തിന് അമ്പേ നഷ്ടപ്പെടുന്നവയാണ് ഈ സൗഭാഗ്യങ്ങൾ. കല്ല് എറിയാൻ മാവോ കുത്തിമറിയാൻ വയലോ വഴക്ക് പറയാൻ മുത്തച്ഛനോ ഇല്ല.
വേനലവധികളാകട്ടെ സമ്മർ ക്യാമ്പുകളിൽ ബലികഴിക്കപ്പെടുന്നു. സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ നിന്ന് സമ്മർ ക്യാമ്പിന്റെ ചുവരുകളിലേക്ക് പറിച്ച് നടപ്പെടുന്ന ബാല്യകൗമാരങ്ങൾ. ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് മക്കളെ തനിയെ വീട്ടിലാക്കാൻ നെഞ്ച് പിടയ്ക്കുമെന്നതിനാൽ തന്നെ സമ്മർ ക്യാമ്പുകളല്ലാതെ മറ്റ് പ്രതിവിധികളുമില്ല. വേനലവധി ആരംഭിച്ചതോടെ സംസ്ഥാനത്ത് ക്യാമ്പുകളുടെയും ക്ലാസുകളുടെയും ഒരു നീണ്ട നിര തന്നെ ഉണ്ടായിട്ടുണ്ട്. ഇതിൽ മനംമടുപ്പിക്കുന്ന ക്ലാസുകളും കളികളിൽ നിന്നും വ്യത്യസ്തമാവുകയാണ് സർക്കാർ സംഘടിപ്പിക്കുന്ന വേനലവധി ക്ലാസുകൾ. കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി ഇരുനൂറ്റി എഴുപതിൽ പരം കുട്ടികളുമായി ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന 'കിളിക്കൂട്ടം' സമ്മർ ക്യാമ്പ് ഒരേ സമയം വിജ്ഞാനവും വിരുന്നും കുട്ടികൾക്ക് സമ്മാനിക്കുന്നു. പാഠ്യവിഷയങ്ങൾക്ക് അപ്പുറം പാഠ്യേതര വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ക്യാമ്പ് കുട്ടികളെ പ്രകൃതിയിലേക്കും കലയുടെ വിസ്മയ ലോകത്തേക്കും കൂട്ടിക്കൊണ്ട് പോകുന്നു.
മുപ്പത്തഞ്ച് വയസുള്ള സമ്മർ ക്യാമ്പ്
തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയുടെ സമ്മർ സ്കൂൾ കുട്ടിക്കൂട്ടായ്മയുടെ മുപ്പത്തിയഞ്ചാം വർഷം പിന്നിടുകയാണ്. കേരള കലാരൂപങ്ങളെ ഓർമിപ്പിച്ചു കൊണ്ട് നാടക ശില്പശാലയും നാടൻപാട്ടും കുട്ടിമനസുകളെ ആനന്ദപുളകിതരാക്കും. അടുക്കള തോട്ടം ഉണ്ടാക്കുവാനും പത്രം നർമിക്കുവാനും തുടങ്ങി പഠന യാത്ര വരെ സംഘടിപ്പിക്കുന്നു. മാജിക്കിന്റെ വിസ്മയ കാഴ്ചകളും റൂബിക്ക്യൂബ് പരിശീലനം വരെ നൽകുന്നുണ്ട്. മേയ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ സ്കൂൾ മാനസിക ആരോഗ്യവും ചിന്താ ശീലങ്ങളും കുട്ടികൾക്ക് പകരുന്നു.
ജവഹർ ബാലഭവൻ
ക്ലാസുകൾക്ക് അപ്പുറം പരിശീലനവും പഠനവുമാണ് ജവഹർ ബാലഭവൻ ലക്ഷ്യമാക്കുന്നത്. 27 വിഷയങ്ങളിൽ നാല് വയസു മുതലുള്ള കുട്ടികൾക്ക് പരിശീലനം നൽകി പ്രകൃതി രമണീയത നിറഞ്ഞു നിൽക്കുന്ന സ്വപ്നക്കൂടാരമായി ബാലഭവൻ മാറുന്നു. ആയിരത്തി അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ സംഗീതവും നൃത്തവും ചിത്രരചനയും ക്രാഫ്റ്റും വയലിനും കീബോർഡും ഉൾപ്പെടെ ക്ലാസുകളിൽ പങ്കെടുക്കുന്നു. വേനലവധിക്ക് കുട്ടികൾ ഒറ്റയ്ക്ക് ആവില്ല. സുരക്ഷിതമായി ഏല്പിക്കാനും വ്യക്തിത്വം വളർത്തി എടുക്കാനും ഇത്തരം ക്യാമ്പുകൾ അനിവാര്യമാണ്.