തിരുവനന്തപുരം: പരമ്പരാഗതമായി പകർന്നുകിട്ടിയ ശൈലിയിൽ കൈത്തറിയിൽ നെയ്തെടുത്ത വസ്ത്രങ്ങൾ, ലോഹത്തിലും കളിമണ്ണിലും മരത്തിലും തീർത്ത ആഭരണങ്ങൾ, അടുക്കള ഉപകരണങ്ങൾ മുതൽ കളിപ്പാട്ടം വരെ....വി.ജെ.ടി ഹാളിൽ നടക്കുന്ന കോട്ടൺ ഫെസ്റ്റിവലാണ് വസ്ത്ര വൈവിദ്ധ്യങ്ങളുടെയും കരവിരുതിന്റെയും വർണക്കാഴ്ചയൊരുക്കി കാണികളെ ആകർഷിക്കുന്നത്. ബാലരാമപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വീവേഴ്സ് സൊസൈറ്റിയാണ് മേളയൊരുക്കിയിരിക്കുന്നത്. രാജസ്ഥാൻ, ഒഡിഷ, കാശ്മീർ, ബീഹാർ, ജയ്പൂർ, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് പുറമേ കേരളത്തിന്റെ സ്വന്തം ബാലരാമപുരം കൈത്തറി, കണ്ണൂർ കൈത്തറി എന്നിവയും വില്പനയ്ക്കുണ്ട്.
45ഓളം വരുന്ന സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. 500 രൂപയിൽ ആരംഭിക്കുന്ന ബംഗാൾ കോട്ടൺ സാരികൾ, രാജസ്ഥാനിൽ നിന്നുള്ള ജൂട്ട് സാരികൾ, മദ്ധ്യപ്രദേശിൽ നിന്നുള്ള ചെന്തേരി കോട്ടൺ സാരികൾ, കാന്ദാവർക്ക് സാരി, കാശ്മീരിൽ നിന്നുള്ള എംബ്രോയ്ഡറി സാരികൾ, ചുരിദാർ മെറ്റീരിയലുകൾ, കാശ്മീർ ഷോളുകൾ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യവും തനിമയും സമ്മേളിക്കുകയാണിവിടെ. രാജസ്ഥാൻ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബെഡ്ഷീറ്റുകളുടെ വലിയ ശേഖരവും കാഴ്ചക്കാരെ ആകർഷിക്കുന്നു. സോഫ കട്ട് വർക്കുകൾ, പില്ലോ കവറുകൾ, നൈറ്റികൾ തുടങ്ങിയവയും വില്പനയ്ക്കുണ്ട്. വിവിധ മെറ്റീരിയലുകളിൽ നിർമ്മിച്ചിരിക്കുന്ന ബാഗുകൾക്കും പഴ്സുകൾക്കും 100 രൂപ മുതലാണ് വില. സ്ത്രീകളുടെ വസ്ത്രങ്ങൾ മാത്രമാണ് ഇവിടെയുള്ളതെന്ന് തെറ്റിദ്ധരിക്കേണ്ട. പുരുഷൻമാർക്കുള്ള ഖാദി ഷർട്ടുകളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. 300 രൂപ മുതൽ അവ ലഭ്യമാകും.
ആഭരണങ്ങളിലും കാണാം കരകൗശലത്തിന്റെ തനിമ. പരമ്പരാഗത, മോഡേൺ രീതിയിലുള്ള ആഭരണങ്ങൾ, സിൽവർ, ബ്ലാക്ക് മെറ്റലിൽ തീർത്ത കമ്മലുകൾ, മാലകൾ, കൊലുസ്, ലോക്കറ്റ് എന്നിവ ആകർഷകമാണ്. പ്ലാസ്റ്റിക്കിലും പേപ്പറിലും തുണിയിലും നിർമ്മിച്ചിരിക്കുന്ന പൂക്കൾ, മൺപാത്രങ്ങൾ, മുളകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങൾ, യൂട്ടിലിറ്രി ഐറ്റംസ്, വിവിധതരം ചെടികളുടെ വിത്തുകൾ, പെയിന്റിംഗുകൾ എന്നിങ്ങനെ ആവശ്യക്കാരന്റെ മനം നിറയ്ക്കുന്ന രീതിയിലാണ് മേള ഒരുങ്ങിയിരിക്കുന്നത്.
19 ന് ആരംഭിച്ച മേള 30ന് സമാപിക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.