തിരുവനന്തപുരം: ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് ചിത്രകലയുടെ വേറിട്ട രീതിയിലൂടെ വിസ്മയം തീർക്കുകയാണ് സാറ ജോർജ് എന്ന റിട്ടയേർഡ് പബ്ലിക് ഓഫീസർ. അതും 'ഡെക്കോപാഷ് ' എന്ന പുത്തൻരീതിയിൽ .
അമേരിക്കയിൽ പ്രചാരത്തിലുള്ള ഒരു ചിത്ര കലാരീതിയാണ് 'ഡെക്കോപാഷ് '. പ്രത്യേകതരം പേപ്പറുകൾ (നാപ്കിനുകൾ) ഉപയോഗിച്ച് പശ, വാർണിഷ്, അക്രലിക് പെയിന്റുകൾ തുടങ്ങിയവ കൊണ്ട് വിവിധ വസ്തുക്കൾ അലങ്കരിക്കുന്ന ഈ രീതി കേരളത്തിലും സജീവമാക്കിയിരിക്കുകയാണ് സാറ. ചെലവേറിയതും വലിയ ബുദ്ധിമുട്ടുള്ളതുമായ ഡെക്കോപാഷ് നിർമ്മാണം വളരെ താത്പര്യത്തോട് കൂടിയാണ് ചെയ്യുന്നത്. പാഴ്വസ്തുക്കളെ വളരെ മനോഹരമായി പുനരുത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഉപയോഗം കഴിഞ്ഞ ഗ്ലാസ് കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ, ബക്കറ്റ്, പെട്ടി, മെഴുകുതിരി, പ്ളേറ്റ്, പഴയ ടെലിഫോൺ, ടേബിൾ ലാംപ്, മുറം, ഹാങ്ങർ, പഴയ ഇസ്തിരിപ്പെട്ടി തുടങ്ങിയവയിലായി അറുനൂറോളം സൃഷ്ടികളാണ് ഈ കലാകാരി നിർമിച്ചുകൂട്ടിയത്. കവടിയാറിലെ സാറയുടെ ഫ്ലാറ്റ് വിസ്മയ സൃഷ്ടികളാൽ നിറഞ്ഞിരിക്കുകയാണ്.
കുട്ടിക്കാലം മുതൽ തന്നെ വസ്ത്രങ്ങളിലും കുപ്പികളിലും മറ്റ് വസ്തുക്കളിലും സാറ ചിത്രപ്പണികൾ ചെയ്യുമായിരുന്നു. പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് തുടങ്ങിയവയിൽ ചെറുപ്പത്തിൽ തന്നെ പ്രാവീണ്യം തെളിയിച്ചിരുന്നു. ഭർത്താവിനൊപ്പം യു.എസിലായിരുന്നപ്പോഴാണ് വ്യത്യസ്തമായ ചിത്രകലാരീതി പരിചയപ്പെടുന്നതും പഠിക്കുന്നതും.
സർവീസിൽ നിന്ന് വിരമിച്ച ശേഷം "ഡെക്കോപാഷി"ലുള്ള കഴിവിനെ വികസിപ്പിക്കുകയാണ് എൻജിനിയറായ ഈ കലാകാരി ചെയ്തത്. കഴിഞ്ഞ ഒന്നര വർഷമായി തിരുവനന്തപുരം വിമെൻസ് ക്ലബിൽ തന്റെ സൃഷ്ടികളുടെ പ്രദർശനം നടത്തി വരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലാ എന്നിവിടങ്ങളിൽ വർക്ഷോപ്പും പ്രദർശനവും ഇതിനകം സംഘടിപ്പിച്ചു. 27ന് കുട്ടികൾക്കായും, 28ന് മുതിർന്നവർക്കായും തിരുവനന്തപുരം വിമെൻസ് ക്ലബിൽ "ഡെക്കോപാഷ്" വർക്ഷോപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
മകൻ ഡിജോ ഡാനിയേൽ മാത്യുവും വാട്ടർ കളറിംഗിൽ ദേശീയതലത്തിൽ മികവ് തെളിയിച്ചയാളാണ്.