ഷൂട്ടിംഗിനിടയിൽ സൈക്കിളിൽ നിന്ന് വീണ് യുവനായിക രജീഷാ വിജയന് പരിക്കേറ്റു. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ ഫൈനൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം.
ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന ഒരു സൈക്ളിസ്റ്റിന്റെ വേഷത്തിലാണ് രജീഷ ഫൈനൽസിൽ അഭിനയിക്കുന്നത്.
കഴിഞ്ഞ ദിവസം രജീഷ സൈക്കിളിൽ വരുന്ന രംഗം ചിത്രീകരിക്കവേയായിരുന്നു അപകടം. ഒരു ഇറക്കമിറങ്ങിവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയ്ക്ക് ബാലൻസ് തെറ്റി സ്പോർട്സ് സൈക്കിളിൽ നിന്ന് മുട്ടിടിച്ച് വീണ രജീഷയെ ഉടൻതന്നെ അടുത്തുള്ള സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ രണ്ട് ദിവസത്തെ വിശ്രമം നിർദ്ദേശിച്ചതിനെ തുടർന്ന് രജീഷ ഇല്ലാത്ത രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.
പി.ആർ. അരുണാണ് ഫൈനൽസിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നടി മുത്തുമണിയുടെ ഭർത്താവായ പി.ആർ. അരുൺ ജമ്നാപ്യാരി എന്ന ചിത്രത്തിന് രചന നിർവഹിച്ച് കൊണ്ടാണ് സിനിമാ രംഗത്തേക്കെത്തിയത്.
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജുവും ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജുവും സുരാജ് വെഞ്ഞാറമൂടുമാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
മേയ് അഞ്ച് വരെ കട്ടപ്പനയിൽ ചിത്രീകരണം തുടരുന്ന ഫൈനൽസ് തുടർന്ന് തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. രണ്ടാഴ്ചത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് പ്ളാൻ ചെയ്തിരിക്കുന്നത്.