സാമ്പാറിലും അവിയലിലും ഒരു അംഗമെന്നല്ലാതെ പച്ചക്കറികളിൽ അത്രയധികം ഗ്ളാമറില്ലാത്ത ഇനമാണ് പടവലങ്ങ. എന്നാൽ പലതരം രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിന് കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ പ്രതിരോധിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇതിന് കഴിവുണ്ട്. പ്രമേഹത്തെ ചെറുക്കാനും രോഗം ശമിപ്പിക്കാനും മികച്ച ഭക്ഷണമാണ് പടവലങ്ങ. അതിനാൽ പ്രമേഹരോഗികൾ പടവലങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
പടവലങ്ങയിലുള്ള ഘടകങ്ങൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന് ഭീഷണിയാകുന്ന ടോക്സിനുകളെ ശരീരത്തിൽ നിന്നും പുറന്തള്ളാൻ പടവലങ്ങ സഹായിക്കുന്നു. മുടി കൊഴിച്ചിൽ ഭീഷണി നേരിടുന്നവർക്കും പടവലങ്ങ കഴിച്ച് പരിഹാരം നേടാം. നാരുകളുടെ ശേഖരം ഉള്ളതിനാൽ ദഹനം സുഗമമാക്കും. ശരീരഭാരം കുറയ്ക്കുന്നവരുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഭക്ഷണവുമാണ്.
പടവലങ്ങയിലുള്ള കാത്സ്യത്തിന്റെ സാന്നിദ്ധ്യം പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം ഉറപ്പാക്കുന്നു. പനിയുള്ളവർ പടവലങ്ങാനീരോ , പടവലങ്ങ മഞ്ഞൾപ്പൊടി ചേർത്ത് വേവിച്ചെടുത്തതിന്റെ നീരോ കഴിക്കുന്നത് ആശ്വാസം നൽകും.