ബംഗളൂരു: രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന സന്ദേശം വ്യജമാണെന്ന് ബംഗളൂരു പൊലീസ്. വ്യാജ സന്ദേശം നൽകിയ ആളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. ബംഗളൂരു ആവലഹള്ളി സ്വദേശി സുന്ദരമൂർത്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിരമിച്ച സൈനികനാണ് സുന്ദരമൂർത്തി.
ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ഭീകരാക്രമണം ഉണ്ടാകുമെന്ന് കരുതിയാണ് സന്ദേശം നൽകിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നമ്പർ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുന്ദരമൂർത്തി പിടിയിലായത്. തന്റെ മകൻ ഇന്ത്യൻ സൈന്യത്തിലായിരുന്നെന്നും ഭീകരാക്രമണത്തിൽ മകന് ജീവൻ നഷ്ടപ്പെട്ടെന്നും അതിന്റെ ഭീതിയിലാണ് പൊലീസിനോട് സന്ദേശം അയച്ചതാണെന്നും സുന്ദരമൂർത്തി പൊലീസിനോട് പറഞ്ഞു. സൈന്യത്തിൽ നിന്ന് വിരമിച്ച് ഇയാൾ ലോറി ഡ്രൈവറായി ജോലി നോക്കി വരികായണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു കർണാടക പൊലീസിന് ടെലിഫോൺ സന്ദേശം ലഭിച്ചത്. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം ഉണ്ടാകുമെന്നായിരുന്നു ഭീഷണി.
തമിഴും ഹിന്ദിയും കലർന്ന ഭാഷയിൽ വിളിച്ചയാൾ സ്വാമി സുന്ദരമൂർത്തിയെന്ന ലോറി ഡ്രൈവറാണെന്നാണ് സന്ദേശത്തിൽ പറഞ്ഞത്. കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും ട്രെയിനുകളിലും ഭീകരാക്രമണമുണ്ടാകുമെന്നും 19 ഭീകരവാദികൾ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ സന്ദേശം.
അതേസമയം, കേരളത്തിലുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും ഭീകരാക്രമണ ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും റോഡുകളിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന തുടരുകയാണ്.