കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽ പാലം അൽപ സമയത്തിനകം പൊളിക്കും. ചെറുസ്ഫോടക വസ്തുകൾ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെയാവും പാലം തകർക്കുക. അമിത മലിനീകരണം ഒഴിവാക്കാനും, ട്രെയിൻ ഗതാഗതം തടസപ്പെടുത്താതിരിക്കാനുമാണ് സ്ഫോടനത്തലൂടെ പാലം തകർക്കുന്നതെങ്കിലും കോട്ടയത്ത് ടെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ റെയിൽ പാലം നിർമ്മിച്ചതിനെ തുടർന്നാണ് 1953ൽ നിർമിച്ച നാഗമ്പടം പഴയ പാലം പൊളിക്കാൻ തീരുമാനിച്ചത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ പാലം ചെറുതായൊന്നുയർത്തിയിരുന്നു. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം വേഗത കുറച്ചാണ് ഇതിലൂടെ ട്രെയിനുകൾ കടത്തിവിടുന്നത്.
പഴയപാലം പൊളിക്കാനുള്ള നടപടികൾ നേരത്തേ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുക്കൾ ഉപയോഗിച്ച് പൊളിക്കാൻ തീരുമാനിച്ചെങ്കിലും ഉത്സവാവധിയും തിരഞ്ഞെടുപ്പ് തിരക്കുകളും കാരണം നീണ്ടുപോവുകയായിരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. ഇന്ന് 11നും 12നും ഇടയിലാണ് പാലം പൊളിക്കുന്നത്. അതേസമയം, സുരക്ഷ മുൻനിർത്തി എം.സി റോഡിലും ഗതാഗതം നിരോധിക്കും.
പാലത്തിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതി ലൈൻ നീക്കം ചെയ്യും. തുടർന്ന് ട്രാക്ക് മണൽചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയതിന് ശേഷമായിരിക്കും സ്ഫോടനം നടത്തുക. പാലം തകർന്നു കഴിഞ്ഞാലുടൻ തന്നെ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ ട്രാക്ക് പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.