ന്യൂഡൽഹി: വടക്കേ ഇന്ത്യയിലെ ബി.ജെ.പി പ്രചാരണത്തിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് നേതാവും വിഷയം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തിലാണ് കേരളത്തിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന റിജിൽ മാക്കുറ്റിയും കഥാപാത്രമാകുന്നത്.
കേരളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും റിജിൽ മാക്കുറ്റി സ്വീകരിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി പ്രചരിപ്പിക്കുന്നത്. പശുവിനെ കൊല്ലുന്നത് നിയമവിരുദ്ധമാക്കിയതിന് എതിരെ 2017-ൽ കണ്ണൂരിൽ മാക്കുറ്റിയും സഹപ്രവർത്തകരും ചേർന്ന് പശുക്കുട്ടിയെ അറുത്ത് പ്രതിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ മാക്കുറ്റിയെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്‌തു. യു.പി ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷേത്രദർശനം നടത്തിയും പൂജകളിൽ പങ്കെടുത്തും മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന രാഹുലിനെയും പ്രിയങ്കയെയും തുറന്നുകാട്ടാനാണ് ബി.ജെ.പി ശ്രമം.
രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാൻ അവസരം നൽകിയതിന് കെ.സി.വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കും നന്ദി പ്രകാശിപ്പിച്ച്, ചിത്രങ്ങൾ സഹിതം റിജിൽ മാക്കുറ്റി ഇട്ട പോസ്റ്രാണ് വടക്കേ ഇന്ത്യയിൽ രാഹുലിനെയും പ്രിയങ്കയെയും പ്രതിരോധിക്കാൻ ബി.ജെ.പി ഉപയോഗിക്കുന്നത്.