കൊളംബോ: ശ്രീലങ്കയിൽ ഈസ്‌റ്റർ ദിനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ രാജ്യത്തെ ഐസിസ് കേന്ദ്രത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയ്‌ക്കിടെ ആറ് കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പരിശോധനയ്‌ക്കിടെ മൂന്ന് ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ച സംഭവത്തിലാണ് മൂന്ന് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടത്. ബാക്കിയുള്ളവരെ സുരക്ഷാസേന വെടിവച്ച് കൊല്ലുകയായിരുന്നു. രാജ്യത്തിന്റെ കിഴക്കൻ നഗരമായ കലുമുനായിയിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവമുണ്ടായത്.
ഐസിസ് കേന്ദ്രത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് മൂന്ന് ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചത്. വീട്ടിലുള്ളവരുമായി പൊലീസ് സംഘം ഒരുമണിക്കൂറിലേറെ ഏറ്റുമുട്ടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടയിൽ പെട്ട ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സുരക്ഷാസേനയുടെ വക്താവ് സുമിത്ത് അട്ടപ്പട്ടു അറിയിച്ചു. സംഭവത്തിൽ സുരക്ഷാസേനയിൽ പെട്ട ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്താണ് ഐസിസ് തലവൻ അബുബക്കർ അൽ ബഗ്‌ദാദിക്ക് പിന്തുണ അർപ്പിച്ച് കൊണ്ട് തീവ്രവാദികൾ വീഡിയോ ഷൂട്ട് ചെയ്‌തത്. ഈസ്‌റ്റർ ദിനത്തിൽ രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തിയവരുടെ വസ്ത്രവും കറുത്ത കൊടികളും ഇവിടെ നിന്നും ലഭിച്ചതായും അട്ടപ്പട്ടു വ്യക്തമാക്കി. ഇതിന് പുറമെ സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന സ്‌ഫോടക വസ്തുക്കളുടേതിന് സമാനമായ വസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ഞായറാഴ്‌ച പ്രാർത്ഥനകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഓർത്തഡോക്‌സ് സഭ അറിയിച്ചു. കൂടുതൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് കുർബാനകൾ റദ്ദാക്കിയത്. വിശ്വാസികൾ വീടുകളിൽ തന്നെ തുടരണമെന്നും ആർച്ച് ബിഷപ്പ് സന്ദേശത്തിൽ അറിയിച്ചു. അതിനിടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 70 ഐസിസ് ഭീകരർ ഒളിച്ച് താമസിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കിയതായും അധികൃതർ അറിയിച്ചു.