modi-ak47

ന്യൂഡൽഹി: ബോഫോഴ്സ് അഴിമതിക്ക് ശേഷം സൈന്യത്തിന് വേണ്ടി ഒരു തോക്ക് പോലും വാങ്ങാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും എന്നാൽ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള എ.കെ 47 തോക്കുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിർമാണം 80 ശതമാനം വർദ്ധിച്ചു. ഇതിന് പുറമെ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക ഹെലികോ‌‌പ്‌ടറുകളും ആയുധങ്ങളും സൈന്യത്തിന് സ്വന്തമാക്കാൻ കഴിഞ്ഞെന്നും മോദി കൂട്ടിച്ചേർത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

130 കോടി ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കേണ്ടത് പ്രധാനമന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണ്. മേക്ക് ഇൻ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ പ്രതിരോധ നിർമാണം 80 ശതമാനം വർദ്ധിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പ്രതിരോധ രംഗത്ത് നടപ്പിലാക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലേക്കും കൊണ്ടുവരണമെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഹെലികോ‌പ്‌ടറാണ് ഇപ്പോൾ ഇന്ത്യ സ്വന്തമാക്കിയത്. 1985ലെ ബോഫോഴ്സ് സംഭവത്തിന് ശേഷം ഇതുവരെ രാജ്യത്ത് ആർട്ടിലറി ഗണ്ണുകൾ വാങ്ങിയിട്ടില്ല. ഇതാദ്യമായി എ.കെ 47 തോക്കുകൾ ഇന്ത്യയിലെ അമേത്തിയിൽ നിർമിക്കുന്നു. എന്നാൽ ഇന്ത്യയ്‌ക്ക് 10 ലക്ഷം എ.കെ 47 തോക്കുകൾ ആവശ്യമാണ്. ഇന്ത്യയിൽ നിർമിച്ച ശേഷം ബാക്കി വരുന്നവ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നും മോദി വ്യക്തമാക്കി.

മേക്ക് ഇൻ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് തരത്തിലുള്ള ആർട്ടിലറി ഗണ്ണുകൾ ഇന്ത്യയിൽ നിർമിക്കുമെന്നും മോദി പറഞ്ഞു. പാകിസ്ഥാനിലെ ഏത് ലക്ഷ്യത്തെയും തകർക്കാൻ കഴിയുന്ന രീതിയിലാണ് ഇവയിലൊന്നിന്റെ നിർമാണം. തന്റെ സർക്കാരിന് കീഴിൽ നടത്തിയ ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം വൻ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ബഹിരാകാശത്തെ സുരക്ഷയെ സംബന്ധിച്ച് ആരും ബോധവാൻമാർ അല്ലായിരുന്നുവെന്നും മോദി പറഞ്ഞു.