വാഷിംഗ്ടൺ: അമേരിക്കൻ വിസ കാലാവധി കഴിഞ്ഞവരും നാടുകടത്തപ്പെട്ടവരുമായ പാക് പൗരൻമാരെ സ്വീകരിക്കാൻ തയ്യാറാകാത്തതിനാൽ പാകിസ്ഥാന് അമേരിക്കയുടെ വിലക്ക്. ഇതു കൂടാതെ മുതിർന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥരടക്കമുള്ളവർക്കും വിസ നിഷേധിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ സ്റ്റേറ്ര് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.
വിസ കാലാവധി കഴിഞ്ഞ സ്വന്തം പൗരൻമാരെ സ്വീകരിക്കാത്തതിനെ തുടർന്ന് അമേരിക്ക ഇതിന് മുമ്പ് പല രാജ്യങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഈയടുത്ത കാലത്താണ് ഈ പട്ടികയിലേക്ക് പാകിസ്ഥാനും ഉൾപ്പെട്ടത്. അതേസമയം, വിലക്കുണ്ടെങ്കിലും പാകിസ്ഥാനുമായുള്ള നയതന്ത്രം ബന്ധത്തിൽ കാര്യമായ മാറ്രങ്ങൾ സംഭവിക്കില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന സ്വന്തം പൗരന്മാരെ പാകിസ്ഥാൻ ഏറ്റെടുക്കാത്തത് ഇത് ആദ്യമായിട്ടല്ല. പാകിസ്ഥാന് പുറമെ ഘാനയാണ് ഈ വർഷം വിലക്ക് നേരിടുന്ന പട്ടികയിലേക്ക് എത്തിയ മറ്റൊരു രാജ്യം. എന്നാൽ ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരെ ഇന്ത്യ പ്രത്യേക വിമാനങ്ങളിൽ കൃത്യമായ ഇടവേളകളിൽ നാട്ടിലെത്തിക്കാറുണ്ട്.