kallada-bus

കല്ലട ബസിലെ ദുരനുഭവങ്ങളെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളാണ് ദിവസവും പുറത്തവന്നുകൊണ്ടിരിക്കുന്നത്. തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പലരും സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയതോടെയാണ് ബസ് ജീവനക്കാരുടെ ഉദാസീനമായ പെരുമാറ്റത്തെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ ലഭിക്കുന്നത്. യാത്രക്കാരുടെ ജീവന് ഒരു വിലയും കൽപിക്കാതെയാണ് ഡ്രൈവർ വാഹനമോടിക്കുന്നത് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.


മാർച്ച് 4-ന് പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിനു പോയ ആന്റോ ജോസ് എന്ന യാത്രക്കാരൻ തനിക്കു കല്ലട ബസിൽ നേരിടേണ്ടിവന്ന പ്രശ്‌നം ഫേസ്ബുക്കിൽ കുറിച്ചത് വൈറലായിരിക്കുകയാണ്. മോശം ഡ്രൈവിംഗ് മൂലം രാത്രി ഉറങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് ബസിന്റെ മുൻഭാഗത്തേക്ക് എത്തിയ ആന്റോ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. റോഡിലൂടെ ബസ് ചീറിപ്പായുമ്പോൾ ഡ്രൈവർ ശ്രദ്ധിച്ചത് റോഡിലായിരുന്നില്ല മറിച്ച് തന്റെ മൊബൈൽ ഫോണിലായിരുന്നു.

റോഡിലേക്ക് ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ മൊബൈൽ ഫോണിൽ മാത്രം നോക്കിക്കൊണ്ടാണ് ഡ്രൈവർ ഏറെ ദൂരം ബസ് ഓടിച്ചത്. തുടർന്ന് ആന്റോ ഈ ദൃശ്യം തന്റെ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ്‌‌‌‌‌‌‌ ചെയ്യുകയായിരുന്നു. യാത്രക്കാർ ഡ്രൈവറെ താക്കീത് ചെയ്‌തെങ്കിലും ഇയാൾ കേട്ടഭാവം നടിച്ചിരുന്നില്ല. അമിതവേഗതയെ തുടർന്ന് ഒരു മുതിർന്ന സ്ത്രീ എഴുന്നേറ്റ് ഡ്രൈവറുടെ ക്യാബിനടുത്തെത്തി സ്പീഡ് കുറയ്ക്കാൻ ആവശ്യപ്പെട്ടെന്നും ആന്റോയുടെ കുറിപ്പിൽ പറയുന്നു. ഈ വിവരം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അടിയന്തരമായി ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയതായി കല്ലട മാനേജ്‌മെന്റ് പിന്നീട് ആന്റോയെ അറിയിച്ചിരുന്നു.