sabarimala-

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിൽ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തിൽ നിക്ഷേപിച്ച സംഭവത്തിൽ വിചിത്രമായ വിശദീകരണവുമായി ബോർഡ് ഹൈക്കോടതിയിൽ. പ്രളയവും യുവതീ പ്രവേശനത്തിൽ സുപ്രീം കോടതിയിലെ വിധിയും മൂലം ബോർഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഭഗവാൻ അയ്യപ്പൻ മുൻകൂട്ടി കണ്ടിരുന്നു. ഇത് നികത്താൻ അയ്യപ്പൻ തന്നെ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നും ബോർഡ് ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ചു. വിവാദ തീരുമാനത്തിൽ അയ്യപ്പനെ പഴിചാരി ബോർഡ് തലയൂരിയത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പി.എഫ് നിക്ഷേപം തിരക്കിട്ട് പിൻവലിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടിൽ നിക്ഷേപിച്ചത് ബോർഡിന്റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുമെന്ന് ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ബോർഡ‌ിന്റെ വിവാദ മറുപടി.

ശബരിമല ക്ഷേത്രമാണ് ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന മാർഗം. നൂറ്റാണ്ടിനിടയിൽ ഉണ്ടായ മഹാപ്രളയത്തിന് പിന്നാലെയുണ്ടായ യുവതീ പ്രവേശന വിധി അപ്രതീക്ഷിതമായിരുന്നു. തുടർന്നുണ്ടായ സംഭവങ്ങൾ ബോ‌ർ‌ഡിന്റെ സാമ്പത്തികാവസ്ഥ താറുമാറാക്കി. എന്നാൽ ഇതെല്ലാം അയ്യപ്പൻ മുൻകൂട്ടി കണ്ടിരുന്നുവെന്നും നഷ്‌ടം നികത്താൻ അയ്യപ്പൻ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നുമാണ് ബോർഡ് കോടതിയെ അറിയിച്ചത്. കടപ്പത്രത്തിൽ നിക്ഷേപിച്ചതിലൂടെ ബോർഡിന്റെ പണം സർക്കാർ ആവശ്യങ്ങൾക്കായി എടുക്കുന്നുവെന്ന പ്രചാരണവും തെറ്റാണെന്ന് തെളിയിക്കാൻ കഴിയും. ഉയർന്ന പലിശ നിരക്ക് ലഭിക്കുന്ന മറ്റ് ബദൽ നിക്ഷേപ മാർഗങ്ങൾ ലഭ്യമല്ലെന്നും 11 പേജുള്ള മറുപടിയിൽ പറയുന്നു.

ബോണ്ടുകൾ വാങ്ങാൻ തിരക്കുകൂട്ടി

ബോണ്ടിലൂടെ 150 കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചതായി ധനലക്ഷ്മി ബാങ്ക് 2018 മാർച്ച് 22 നാണ് ദേവസ്വം ബോർഡിനെ അറിയിച്ചത്. കത്ത് കിട്ടിയ ദിവസം തന്നെ ബോർഡ് യോഗം ചേർന്ന് ബോണ്ടുകൾ വാങ്ങാൻ തീരുമാനിച്ചു. ബാങ്കിന്റെ അറിയിപ്പും അക്കൗണ്ട് ഓഫീസറുടെ റിപ്പോർട്ടും ബോർഡിന്റെ അംഗീകാരവും ഒരേ ദിവസം ഉണ്ടായി. ഇത്രയും വലിയ തുക നിക്ഷേപിക്കുമ്പോഴുള്ള നഷ്ടസാദ്ധ്യത പരിശോധിക്കാനോ മതിയായ പഠനം നടത്താനോ ശ്രമിക്കാതെ തിരക്കിട്ടാണ് നടപടി സ്വീകരിച്ചത്.

പ്രാഥമിക നഷ്ടം 1.74 കോടി

58 സ്ഥിര നിക്ഷേപങ്ങൾ പൊളിച്ചാണ് 10 ലക്ഷം രൂപ മുഖവിലയുള്ള 1500 ബോണ്ടുകൾക്കായി 150,44,93,439. 24 നൽകിയത്. നിക്ഷേപം കാലാവധിക്കു മുമ്പ് പിൻവലിച്ചതിലൂടെ 1.74 കോടി രൂപയുടെ നഷ്ടമുണ്ടായി. 11 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടിൽ നിക്ഷേപിച്ചതിനാൽ മറ്റ് നഷ്ടമുണ്ടായെന്ന് പറയുന്നില്ല. എന്നാൽ നഷ്ട സാദ്ധ്യതകളുണ്ട്. 2018 ജൂണിൽ അവസാനിച്ച ആദ്യ ക്വാർട്ടറിലെ കണക്കനുസരിച്ച് ധനലക്ഷ്മി ബാങ്കിന് 45 കോടി രൂപയുടെ നഷ്ടമുണ്ട്. കണക്കുകളും വസ്തുതകളും ബാങ്കിനെക്കുറിച്ച് അത്ര നല്ല ചിത്രമല്ല നൽകുന്നത്.

പി.എഫ് പലിശ നിരക്ക് 7.6 ശതമാനമാണെന്നിരിക്കെ 6.65 ശതമാനം മാത്രം പലിശ നിരക്കുള്ള ബാങ്കിന്റെ സ്ഥിര നിക്ഷേപം ദേവസ്വം ബോർഡിന്റെ ഖജനാവ് ചോർത്തുകയാണ്. എട്ട് ശതമാനം പലിശ നിരക്കുള്ള ട്രഷറി നിക്ഷേപമടക്കമുള്ള ബദൽ നിക്ഷേപ സാദ്ധ്യതകൾ ദേവസ്വം ബോർഡ് തേടിയില്ല. 2018 മാർച്ചിലെ കണക്കനുസരിച്ച് ബോർഡ് ജീവനക്കാരുടെ പി.എഫ് 187.93 കോടി രൂപയാണ്. ഇതിന്റെ 80 ശതമാനത്തോളം തുകയാണ് സുരക്ഷിതമല്ലാത്ത കടപ്പത്രത്തിൽ നിക്ഷേപിച്ചത്. പൊതുപണം കൈകാര്യം ചെയ്യുമ്പോൾ കാട്ടേണ്ട ജാഗ്രത കാട്ടിയില്ലെന്നും ലോക്കൽ ഫണ്ട് ആഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.