arun-gopi

പറവൂർ: എറണാകുളം നോർത്ത് പറവൂർ വഴിക്കുളങ്ങരയിലുള്ള മനുഷ്യനിർമ്മിത 'ശാന്തിവന'ത്തിന് കുറുകെ വൈദ്യുതി ബോർഡിന്റെ ടവർ ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ശാന്തിവനത്തിന്റെ പച്ചപ്പ് ഇല്ലായ്മ ചെയ്യുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി പ്രവർത്തകരും ഒന്നിച്ചുചേരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്തെത്തിയിരിക്കുന്നു.

'കെ.എസ്.ഇ.ബിയുടെ യുടെ 110കെ.വി പവർ ലൈൻ ശെരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത് എത്തിയപ്പോൾ മാത്രം ഒരു വഴിത്തിരിവ്. ശരിയായ മാർഗവും, ചിലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് കെ.എസ്.ഇ.ബി ചിലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്? എന്തുകൊണ്ട് അതീവ ജൈവ സമ്പത്തുള്ള ഈ പ്രദേശം സംരക്ഷിക്കാൻ അധികൃതർ തയ്യാറാവുന്നില്ല?- അരുൺ ഗോപി ചോദിക്കുന്നു. കെ.എസ്.ഇ.ബിയുടെ യുടെ 110കെ.വി പവർ ലൈൻ പദ്ധതിയുടെ പ്ലാൻ വിശദീകരിക്കുന്ന ചിത്രം അടക്കം ഫേസ്ബുക്കിൽ പങ്കുവച്ചാണ് അരുൺ ഗോപിയുടെ പ്രതികരണം.

പദ്ധതി പ്രകാരം പവർ ലൈൻ നേരെയാണ് പോകേണ്ടത്. എന്നാൽ കെ.എസ്.ഇ.ബി ചെയർമാന്റെ മകന്റെ ഭൂമി സമീപത്തുള്ളതിനാൽ പദ്ധതി വഴി തിരിച്ചുവിട്ടെന്നാണ് ഇപ്പോൾ ഉയരുന്ന അരോപണം. അരുൺ ഗോപി പങ്കുവച്ച ചിത്രത്തിൽ ഇക്കാര്യം വ്യക്തമാണ്. കാവുകളും കുളങ്ങളും ഇടതൂർന്ന മരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ശാന്തിവനത്തിന് കുറകെ കെ.എസ്.ഇ.ബിയുടെ ടവർ ലൈൻ സ്ഥാപിക്കുന്നതിനുള്ള പണികൾ ഇപ്പോൾപുരോഗമിക്കുകയാണ്. ഇതോടെ കാവുകളിലൊന്ന് പൂർണമായും നശിക്കും. വൻ മരങ്ങളുടെ കടയ്ക്കൽ മഴു വീഴും. ശാന്തിവനത്തിന്റെ മുകളിലൂടെ 'വി' ആകൃതിയിലാണ് ടവർ ലൈൻ കടന്നുപോകുന്നത്. ലൈനിന് ഇരുവശത്തുമായി 22 മീറ്ററോളം ഭാഗത്തെ വൃക്ഷങ്ങൾ ഇതിനായി മുറിച്ചു മാറ്റേണ്ടി വരും.

ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ ശാന്തിവനത്തിന്റെ ഉടമ മീനചേച്ചിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭ്യർത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് കെ.എസ്.ഇ.ബി ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . മരങ്ങൾ അനവധി മുറിച്ചുമാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനിയും എത്രയെത്ര മരങ്ങൾ മണ്ണടിയാനിരിക്കുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, ആ നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വർത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണ്. അതിനാൽ ശാന്തിവനത്തിനുവേണ്ടിയുള്ള ഓരോ വിരലനക്കങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
ഞങ്ങൾ വികസന വിരോധികൾ അല്ല- അരുൺ ഗോപി കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം