fake-vote

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ കാസർകോട് മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തായി. കണ്ണൂർ ജില്ലയിലെ പിലാത്തറ ബൂത്തിൽ കള്ളവോട്ട് നടക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. വനിതാ പഞ്ചായത്ത് പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവും അടക്കമുള്ള ആളുകൾ ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇവിടെ കള്ളവോട്ട് നടന്നതെന്നും ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതായും കോൺഗ്രസ് ആരോപിച്ചു. ഇക്കാര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ആരോപിച്ചു. ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ ഗുരുതരമാണ്. റിപ്പോർട്ട് ലഭിച്ച ശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാൽ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് , കണ്ണൂർ ജില്ലാ കളക്‌ടർമാരിൽ നിന്നും ബന്ധപ്പെട്ട പ്രിസൈഡ‌ിംഗ് ഓഫീസർ എന്നിവരിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഒന്നിലധികം തവണ വോട്ട് ചെയ്യുന്ന വീഡിയോയാണ് കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടത്. ആറ് പേരുടെ ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാൾ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവർ വോട്ട് ചെയ്യുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കണ്ണൂർ ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായ സലീന എം.പിയും മുൻ ജനപ്രതിനിധിയായ സുമയ്യ കെ.പി എന്നിവരാണ് കള്ളവോട്ട് ചെയ്യുന്നത്. ചില വോട്ടർമാർ മണിക്കൂറുകളോളം വരിയിൽ കാത്തുനിന്ന ശേഷം വോട്ട് ചെയ്യാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇവരുടെ വോട്ട് നേരത്തെ തന്നെ മറ്റാരോ ചെയ‌്തെന്ന് വ്യക്തമായതിനെ തുടർന്നാണ് മടങ്ങേണ്ടി വന്നത്.